തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുർഗന്ധമുള്ള ചെളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതുപോലെ മറ്റുള്ളവരും ആയിക്കാണണം എന്ന് ആഗ്രഹമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്നയുമായുള്ള ചിത്രം വച്ചുകൊണ്ട് മുഖ്യമന്ത്രി സ്വകാര്യം പറയുന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിനെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെയും എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
'എന്താ നിങ്ങൾ കരുതിയത്? നിങ്ങളെപ്പോലെയുള്ള മാനസികാവസ്ഥയാണ് എല്ലാവർക്കും ഉള്ളത് എന്നാണോ? പല പഴയതും ഓർമ്മയിൽ വരുന്നുണ്ടാകുമല്ലേ? അതിനെ, ഇപ്പൊ ഉള്ളവരെ കണ്ടിട്ട് കളിക്കേണ്ട എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. കളങ്കപ്പെടുത്താൻ വലിയ ശ്രമമാണ്. വസ്തുതകളുണ്ടെങ്കിൽ വസ്തുതകൾ അവതരിപ്പിക്കാം. പക്ഷെ വസ്തുതകളുമായല്ല മുന്നോട്ട് വരുന്നത്. ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ചിലർ നോക്കുന്നത്.' മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കേസിന്റെ കാലത്തെക്കുറിച്ച് നാം കൂടുതലായി പരിശോധിക്കാൻ പുറപ്പെടണോയെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്കാരം യു.ഡി.എഫിന്റേതല്ല. തത്ക്കാലം പ്രതിപക്ഷത്തിന്റെ 'അത്യാഗ്രഹം' സാധിച്ചുതരാൻ കഴിയില്ല. കാരണം തങ്ങൾ അത്തരത്തിലുള്ള 'കളരിയിലല്ല' പഠിച്ചുവളർന്നത്. അതിനായി കാത്തിരിക്കുന്നവരോട് ഇതാണ് തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.