train-fare

ന്യൂഡൽഹി:സ്വകാര്യ ട്രെയിനുകളിലെ യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അനുമതി സര്‍വീസ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നല്‍കും. നിലവിലെ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനികള്‍ക്ക് ലഭിക്കും. സ്വകാര്യ മേഖലയില്‍ 30,000 കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേ ഇതിലൂടെ നോട്ടമിടുന്നത്. പബ്ലിക് റൈറ്റ് പാര്‍ട്ണര്‍ഷിപ്പ് വഴി 100 റൂട്ടുകളിലായി 151 സ്വകാര്യ ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

റെയില്‍വേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളില്‍ 16 കോച്ച് സൗകര്യമുള്ള ട്രെയിനുകളായിരിക്കും കമ്പനികള്‍ പുറത്തിറക്കുക. കഴിഞ്ഞ മൂന്നുമാസത്തെ ബുക്കിംഗ് വിവരങ്ങളാണ് ഇതിനായി പരിഗണിക്കുകയെന്നും റെയില്‍വെ പറഞ്ഞു. സ്വകാര്യ ട്രെയിനുകള്‍ പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ അതേ സ്റ്റേഷനില്‍നിന്ന് മറ്റൊരു ട്രെയിന്‍ പുറപ്പെടുകയുള്ളു. വെയ്റ്റിംഗ് ലിസ്റ്റില്‍ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടിലായിരിക്കും സ്വകാര്യ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുക. നവീന സാങ്കേതികവിദ്യ, മികച്ച നിലവാരം എന്നിവ ഉറപ്പുവരുത്തുകയും യാത്രാ സമയം കുറയ്ക്കാന്‍ അനുമതി നല്‍കുകയും ചെയ്യും.2021 ഫെബ്രുവരിയോടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങും. 2023 ഏപ്രില്‍ മാസത്തോടെ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കി.