job-loss

ബംഗളൂരു : കൊവിഡ് കാലത്ത് മിക്ക സേവനങ്ങളും ഓണ്‍ലൈനാകുമ്പോഴും ലോകമെമ്പാടുമുള്ള ഐ.ടി മേഖല പ്രതിസന്ധിയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. പല മുന്‍നിര കമ്പനികളും തങ്ങളുടെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തെ അഭ്യസ്തവിദ്യരായ സോഫ്‌റ്റെ്‌വെയര്‍ എഞ്ചനീയര്‍മാരാണ്. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പല കമ്പനികളും പിരിച്ചുവിടല്‍ നോട്ടീസുകള്‍ നല്‍കുന്നത്. എന്നാല്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന പ്രോജക്ടുകളില്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം നടപടികളിലേക്ക് തിരിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. മുന്‍കാലങ്ങളിലേതിന് വ്യത്യസ്തമായി ഇപ്പോള്‍ വലിത തുകയ്ക്കുള്ള പ്രോജക്ടുകളും കമ്പനികള്‍ക്ക് ലഭിക്കുന്നില്ല.


ഐബിഎം അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികളാരംഭിച്ചവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 35000ത്തോളം ജീവനക്കാരുള്ള ഐബിഎമ്മിലെ മൂന്നിലൊന്നും ഇന്ത്യക്കാരാണ്. ഐടി ഭീമന്‍മാരായ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍ ആയിരക്കണക്കിന് ഇന്ത്യക്കാരായ തൊഴിലാളികളെയാണ് അടുത്തിടെ പിരിച്ചുവിട്ടത്. പ്രോജക്ടുകള്‍ ലഭിക്കാതാകുന്നതോടെ ജീവനക്കാരെ റിസര്‍വ് ബെഞ്ചില്‍ ഉള്‍പ്പെടുത്തുന്നതാണ് ആദ്യ പടി. നിശ്ചിത ദിവസങ്ങള്‍ക്കകം പ്രോജക്ടുകള്‍ ലഭിക്കാതാകുന്നതോടെ ഇവര്‍ കമ്പനിക്ക് ബാധ്യതയാവുകയും പിരിച്ചുവിടാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം നടപടികളെന്നാണ് കമ്പനികള്‍ പൊതുവെ സ്വീകരിക്കുന്ന ന്യായം.

അതേസമയം ഇന്ത്യന്‍ ഐ.ടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ്, വിപ്രോ എന്നിവ പിരിച്ചുവിടലടക്കമുള്ള നടപടികള്‍ സ്വീകരിക്കാത്തത് മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് ആശ്വാസമാണ്. കോവിഡ് -19 ന്റെ ആഘാതം കാരണം ഒരു ജോലിയും വെട്ടിക്കുറയ്ക്കില്ലെന്ന് ടിസിഎസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡിന്റെ ആഘാതം എത്രത്തോളം കമ്പനികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് കണ്ടറിയണം. അതേസമയം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ തുടരുമെങ്കിലും വന്‍തോതില്‍ പിരിച്ചുവിടലുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യു ബി പ്രവീണ്‍ റാവു പറഞ്ഞു.