റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്ക്ക് (65) കൊവിഡ് സ്ഥിരീകരിച്ചു. ടെലിവിഷൻ ലൈവിലൂടെയാണ് ബോൾസൊനാരോ തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് ജനങ്ങളെ അറിയിച്ചത്. തുടർന്ന് അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചു. കടുത്ത പനിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടർന്ന് ബോൾസൊനാരോയ്ക്ക് നാലുതവണ ടെസ്റ്റ് നടത്തിയിരുന്നു. നാലാംടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലെ യു.എസ് അംബാസഡർ തോഡ് ചാപ്മാനും മൂന്നുദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധയിൽ ലോകത്ത് രണ്ടാംസ്ഥാനമാണ് ബ്രസീലിന്. രാജ്യത്ത് കൊവിഡ് രോഗികൾ പെരുകുമ്പോഴും മാസ്ക് അലക്ഷ്യമായി ധരിച്ച് ബോൾസൊനാരോ പൊതു ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല, രോഗവ്യാപന സാദ്ധ്യത വർദ്ധിച്ചുനിൽക്കുമ്പോൾ രാജ്യത്തെ എല്ലാ നിയന്ത്രണങ്ങളും ഒരു മുൻകരുതലുകളും എടുക്കാതെ ബോൾസൊനാരോ പിൻവലിച്ചിരുന്നു. സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്ന കാരണംപറഞ്ഞാണ് ബോൾസൊനാരോ രാജ്യത്തെ ലോക്ക്ഡൗൺ പിൻവലിച്ചത്. ഇനി തനിക്ക് കൊവിഡ് വന്നാൽപോലും പേടിക്കാനില്ലെന്ന് പറഞ്ഞ ബോൾസൊനാരോ ഇതൊരു ചെറിയ പനിയായോ ജലദോഷമായോ വന്നുപോകുകയേ ഉള്ളുവെന്നും പറഞ്ഞിരുന്നു. പ്രസിഡന്റിന്റെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.