ന്യൂഡല്‍ഹി : സാധാരണ ഗതിയില്‍ സാക്ഷാല്‍ അമേരിക്ക പറഞ്ഞാല്‍ പോലും അനുസരിക്കാന്‍ കൂട്ടാക്കാത്ത ചൈന, ഡോവലിന്റെ വാക്കുകളില്‍ വീണതെങ്ങനെയാണ്. എന്ത് മാര്‍ഗമാണ് അതിനായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്വീകരിച്ചത് ? ഒരു പക്ഷേ നയതന്ത്രലോകം ഇപ്പോള്‍ ഈ ആലോചനയിലാവും. കാരണം ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ രണ്ടാം നാളിലും അതിര്‍ത്തിയില്‍ ചൈനീസ് സേന പിന്മാറ്റം തുടരുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം താല്‍ക്കാലികമായി സ്ഥാപിച്ച അടിസ്ഥാന സൗകര്യങ്ങളടക്കം പൊളിച്ചുമാറ്റിയാണ് പിന്മാറുന്നത്. ഇന്ത്യ ചൈന സേനകള്‍ മുഖാമുഖം അണിനിരന്ന സ്ഥലങ്ങളാണിതെന്ന് ഓര്‍ക്കണം. രക്തരൂക്ഷിതമായ സംഘര്‍ഷത്തിന് ശേഷം ആഴ്ചകളായി സംഘര്‍ഷഭരിതമായിരുന്നു ഇവിടത്തെ സ്ഥിതി.
സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സൈനിക കമാന്‍ഡര്‍ തലത്തില്‍ നിരവധി വട്ടം ചര്‍ച്ചനടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചര്‍ച്ചകള്‍ വിഫലമാകുന്നതിന് പിന്നാലെ ഇരു പക്ഷം സൈനിക ശേഷി വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തപ്പോള്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായ ഘട്ടമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്ച സംഭാഷണത്തിലേര്‍പ്പെട്ടത്. ഒറ്റത്തവണയായി നടത്തിയ ചര്‍ച്ച ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു, എന്നാല്‍ പതിവിന് വിപരീതമായി ചര്‍ച്ചയ്ക്ക് ശേഷം ചൈന മെരുങ്ങുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്തിരിഞ്ഞു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കളമൊരുക്കിയ ശേഷം ഡോവലിന്റെ ചര്‍ച്ച
സമാധാനത്തിന്റെ ദൂതനായി വീട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടല്ല ഡോവല്‍ ചൈനയുമായി ചര്‍ച്ച ആരംഭിച്ചത്. പകരം അപ്രതീക്ഷിത നീക്കം നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഉയരം കൂടിയ യുദ്ധഭൂമിയിലെത്തിച്ച് സൈനികര്‍ക്ക് വീര്യം പകര്‍ന്നത് ചൈനയ്ക്ക് കൃത്യമായ സന്ദേശമാണ് നല്‍കിയത്. ഇതിനൊപ്പം അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളുടെ പിന്തുണ കരസ്ഥമാക്കുന്നതിന് പിന്നിലും ഡോവലിന്റെ കരങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചൈന അതിര്‍ത്തിയില്‍ നിന്നും പിന്മാറുമ്പോഴും ഇവിടെ സ്ഥിരമായി സൈനികര്‍ക്ക് താവളമൊരുക്കുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. അതേ സമയം കൂടുതലായി എത്തിച്ച സൈനികരെ ഇന്ത്യയും അതിര്‍ത്തിയില്‍ നിന്നും പിന്നിലോട്ട് മാറ്റിയേക്കും. അതിര്‍ത്തിയില്‍ ചൈനയ്ക്ക് പ്രകോപനം സൃഷ്ടിക്കുന്ന റോഡ് നിര്‍മ്മാണമടക്കമുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ ഒരുക്കമല്ല. ഇന്നും പ്രതിരോധമന്ത്രി റോഡുപണി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.