ന്യൂഡൽഹി: കൊവിഡ് രോഗം സംബന്ധിച്ച കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ഇന്ത്യയുടെ മേന്മയേറിയ പ്രവർത്തനം രാജ്യത്തിന്റെ കൊവിഡ് ഗ്രാഫിൽ സ്ഥിരത കൊണ്ടുവരാൻ സഹായിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഊർജ്ജസ്വലമായ പ്രവർത്തനവും ഇതിനായി സഹായിച്ചുവെന്നും രോഗികൾക്കായി കിടക്കകളും ആരോഗ്യ സംവിധാനങ്ങളും ഒരുക്കുന്നതിനും ഇത് കാരണമായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വീഡിഷ് ആരോഗ്യമന്ത്രിയായ ലെന ഹാളൻഗ്രെനുമായുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഈ പരാമർശം നടത്തിയത്.
1.35 ബില്ല്യൺ ജനങ്ങൾ രാജ്യത്തുള്ള സാഹചര്യത്തിലും, ഇന്ത്യയുടെ രോഗമുക്തി നിരക്ക് 61 ശതമാനത്തിന് മുകളിലാണെന്നും രോഗം മൂലമുള്ള മരണനിരക്ക് 2.78 ശതമാനമാണെന്നും അദ്ദേഹം സ്വീഡിഷ് ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു. രാജ്യത്ത് 2.5 ലക്ഷം ജനങ്ങളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കാറുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് മുതൽ നാല് വരെയുള്ള മാസങ്ങൾക്കിടെ രാജ്യത്ത് 1000 ലാബുകൾ തയ്യാറാക്കപ്പെട്ടു. രാജ്യത്ത് നിലവിൽ 100 പി.പി.ഇ കിറ്റ് നിർമാണ യൂണിറ്റുകളാണുള്ളത്. ഇവിടെ ദിവസേന അഞ്ച് ലക്ഷം പി.പി.ഇ കിറ്റുകൾ നിർമ്മിക്കുന്നു. സമാനമായി രാജ്യം എൻ 95 മാസ്കുകളുടെയും വെന്റിലേറ്ററുകളുടെയും ഉത്പാദനവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ 100 രാജ്യങ്ങൾക്കാണ് ഹൈഡ്രോക്സിക്ളോറോക്വിൻ നൽകിയത്. ഹർഷ് വർദ്ധൻ ലെന ഹാളൻഗ്രെനിനെ അറിയിച്ചു.
മരുന്നുകളുടെയും ആരോഗ്യസംവിധാനങ്ങളുടെയും കാര്യങ്ങളിൽ സ്വീഡിഷ് സർക്കാരുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ സാഹചര്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്തിൽ സ്വീഡിഷ് ആരോഗ്യ മന്ത്രി ഹർഷ് വർദ്ധനെ അഭിനന്ദിച്ചു. രാജ്യത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതിലും ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയതിലും ലെന ഹാളൻഗ്രെൻ ഇന്ത്യയെ തന്റെ അഭിനന്ദനം അറിയിച്ചു.