anandkumar

കോടികളുടെ കള്ളക്കടത്ത് സ്വര്‍ണം തലസ്ഥാനത്ത് പിടികൂടിയതും, അതിന് പിന്നിലെ കരങ്ങള്‍ സര്‍ക്കാരിന് തന്നെ ചീത്തപ്പേരാവുകയും ചെയ്തതോടെ കള്ളക്കടത്തിനെ കുറിച്ചും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുറിച്ചുമെല്ലാം ചര്‍ച്ചയാവുകയാണ്. സത്യസന്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ കുറച്ച് കൈക്കൂലി പ്രിയരായവരുണ്ടെന്ന സത്യം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് സായിഗ്രാമത്തിന്റെ സ്ഥാപകനായ കെ.എന്‍ ആനന്ദ്കുമാര്‍. ഓള്‍ കേരള എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ കാലത്ത് രണ്ടായിരത്തില്‍ നടന്ന സംഭവമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്. പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സി.ബി.ഐയെക്കൊണ്ട് പിടിപ്പിച്ചതും അതിന് ശേഷം താന്‍ നേരിട്ട ബുദ്ധിമുട്ടും, എങ്ങനെ അതിനെ അതിജീവിച്ചുവെന്നും അദ്ദേഹം എഴുതുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2000 മാണ്ടിലെ കഥ ....

എന്റെ എക്‌സ്‌പോര്‍ട്ട് കമ്പനി അതിഗംഭീരമായി നടക്കുന്ന ഒരു കാലഘട്ടം

ഞാന്‍ ഓള്‍ കേരള എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന കാലം. ഒരു പാവപ്പെട്ട എക്‌സ്‌പോര്‍ട്ടര്‍. അദ്ദേഹം ആദ്യമായി എക്‌സ്‌പോര്‍ട്ട് ചെയ്യുകയാണ്. എന്റെ അടുത്ത് വന്ന് അദ്ദേഹം പറഞ്ഞു, ഞാന്‍ ആദ്യമായി എക്‌സ്‌പോര്‍ട്ട് ചെയ്യുകയാണ്. പക്ഷേ കസ്റ്റംസില്‍ ചെന്നപ്പോള്‍ അവര്‍ 10000 രൂപ ചോദിച്ചു, അതു കൊടുക്കുവാന്‍ എനിക്ക് നിര്‍വാഹമില്ല.....

അയാള്‍ക്ക് 10 ഗ്രൈന്‍ഡിങ് മെഷീന്‍ മസ്‌കറ്റിലേക്ക് അയക്കുവാന്‍ കിട്ടിയ ചെറിയ ഓര്‍ഡറാണ് അത്. അതിനുവേണ്ടി അദ്ദേഹം ആദ്യമായി എക്‌സ്‌പോര്‍ട്ടിങ് ചെയ്യാന്‍ ശ്രമിച്ചത് വിഷമഘട്ടത്തില്‍ ആയ സമയത്താണ് എന്നെ വന്നു കാണുന്നത്. എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ കസ്റ്റംസ് അധികൃതരുമായി സംസാരിച്ചു. അവര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു കൊള്ളാമെന്നു പറഞ്ഞു.

പക്ഷേ വീണ്ടും അയാള്‍ അവിടെ ചെന്നപ്പോള്‍, ആ ഫയല്‍ വലിച്ചെറിയുകയാണ് ഉണ്ടായത്. എനിക്ക് വളരെ പ്രയാസം തോന്നി. എന്തായാലും അയാളുടെ ആവശ്യം നടത്തണം. ഞാന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ അയാള്‍ക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അതെന്റെയൊരു ഒരു വീഴ്ച ആയിട്ട് ഞാന്‍ കാണുന്നു. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, പുതിയ പുതിയ എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ കാര്യങ്ങള്‍ മനസ്സിലാക്കുവാനും, അവര്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും ആണ് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചത്

അതിന്റെ സ്ഥാപക പ്രസിഡന്റ് ആയി ഏകദേശം 15 വര്‍ഷത്തോളം ഞാന്‍ ഇരുന്നു. ഇതാ കാലത്തുണ്ടായ ഒരു ദുരനുഭവം ആയിട്ടാണ് ഞാന്‍ കാണുന്നത്. എന്താണെങ്കിലും അദ്ദേഹത്തിനോട് പറഞ്ഞു. പൊയ്‌ക്കോളൂ ഞാന്‍ നോക്കിക്കൊള്ളാം, പരമാവധി ശ്രമിക്കാം എന്ന് ഞാന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് നമുക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. ഞാന്‍ പിറ്റേദിവസം തന്നെ CBI യില്‍ എന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഞാന്‍ അവരോട് ഇങ്ങനെ ഒരു പ്രയാസം പറഞ്ഞു. അവര്‍ പറഞ്ഞു സാരമില്ല സാറേ അയാള്‍ പൈസയും കൊണ്ട് പൊയ്‌ക്കോട്ടേ എന്നാണ് പോകുന്നത് എത്ര മണിക്കാണ് പോകുന്നത് ആരെയാണ് കാണുന്നത് എന്ന് ഞങ്ങളെ അറിയിച്ചാല്‍ മതി ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. ഈ എക്‌സ്‌പോര്‍ട്ട് പൈസയുമായി പോയി. പൈസ കൊടുക്കുന്ന സമയത്ത് CBI യുടെ അധികൃതര്‍ അത് കാണുകയും. ആ സമയത്തു തന്നെ കസ്റ്റംസ് ഓഫീസറിനെ അറസ്റ്റ് ചെയ്യുകയും. അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

മാസങ്ങള്‍ കഴിഞ്ഞു, ഒരു ദിവസം ഒരു കസ്റ്റംസ് ഓഫീസര്‍ എന്നെ വിളിച്ച് പറഞ്ഞു, നിങ്ങള്‍ കയറ്റി അയക്കുന്ന പച്ചക്കറിയിലും പൈനാപ്പിളിലും എല്ലാം ഞാന്‍ കഞ്ചാവ് വയ്ക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. നിന്റെ അച്ഛന്‍ വെക്കുമെടാ എന്ന് ഞാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എന്താണെങ്കിലും ആ കാലഘട്ടത്തില്‍ ഇത്തിരി പ്രയാസം അനുഭവിച്ചു.

എന്താണെങ്കിലും കസ്റ്റംസുകാര്‍ ഐക്യം ഉള്ളവരാണല്ലോ. പ്രത്യേകിച്ച് അവരുടെ ഐക്യം ആയിട്ടുള്ള കൈക്കൂലി ഇടപാടില്‍ നമ്മള്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായിട്ടും അവര്‍ക്ക് നോവും. അവര്‍ക്ക് നൊന്തു, അവര്‍ എന്റെ കാര്‍ഗോ (Perishable Cargo) എപ്പോഴും ഏറ്റവും വൈകിയ സമയത്തു മാത്രമേ ചെക്കിംഗ് കഴിഞ്ഞു വിടാറുള്ളൂ. കുറച്ചു കാലം അങ്ങനെ ദുരന്തങ്ങള്‍ ഉണ്ടായി. എന്താണെങ്കിലും ആ കസ്റ്റംസ് ഓഫീസേര്‍സ് എല്ലാം അവിടെ നിന്നും പോയി. വീണ്ടും എന്റെ സുഖമമായ എക്‌സ്‌പോര്‍ട്ടിംഗ് നടക്കുകയും ചെയ്തു. അധര്‍മത്തെയും അനീതിയെയും അസത്യത്തെയും നേരിട്ട എന്റെ ജീവിത കഥയാണ് ഈ പറയുന്നത്.

എല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരും നല്ലവരാണ് ...
ചെറിയ ഒരു വിഭാഗം മാതൃമാണ് ..കൈക്കൂലി മേടിക്കുന്നവര്‍