തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതയായ മുൻ ഐ.ടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ തേടി കസ്റ്റംസ് വകുപ്പ് ഊർജിതമായി രംഗത്ത്. സ്വപ്ന സുരേഷ് താമസിക്കുന്നു എന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് പാപ്പനംകോട്ടെ വൈറ്റ് ഡാമർ ഹോട്ടലിലാണ് കസ്റ്റംസ് വിഭാഗം പരിശോധന നടത്തിയത്.
എന്നാൽ ഇവരെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ച് മടങ്ങി. അതേസമയം, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ലെന്നും പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്വർണക്കടത്ത് കേസിൽ യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം അയച്ചത് ആരെന്ന് അന്വേഷിക്കുമെന്നും സ്വർണക്കടത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ലെന്നും യു.എ.ഇ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്.