srp

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് സി.പി.എം കേന്ദ്ര നേതൃത്വം. വിഷയത്തിൽ ഇന്‍റർപോൾ സഹായം വരെ തേടാം എന്നാണ് പോളിറ്റ് ബ്യൂറോ നിലപാട്. വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സി.പി.എം വിലയിരുത്തുന്നു. കേസുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള കേരളകൗമുദി ഓൺലൈനിനോട് വിശദീകരിക്കുന്നു..

സ്വർണക്കടത്ത് കേസിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ പൊതുവെയുള്ള വിലയിരുത്തൽ എന്താണ് ?

ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരും പാർട്ടിയും ഏത് അന്വേഷണത്തിനും തയ്യാറാണ്. രണ്ട് രാജ്യങ്ങൾ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്ന സ്വർണക്കടത്ത് ആയതിനാൽ തന്നെ കേന്ദ്രസർക്കാരാണ് ഈ വിഷയം പരിശോധിച്ച് ഒരു തീരുമാനമെടുക്കേണ്ടത്. ഏത് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും ഞങ്ങൾ സ്വാഗതം ചെയ്യും. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇന്‍റർപോളിന്‍റെ സഹായം തേടിയാലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. ആരുടെ സഹായം തേടിയായാലും കുറ്റവാളികളെ കണ്ടെത്തണം. ഈ കേസിന് മറ്റ് ഒരുപാട് മാനങ്ങളുണ്ട്. സ്വർണം മാത്രമല്ല ഡിപ്ലോമാറ്റിക്ക് ബാഗേജ് പരിരക്ഷ ഉപയോഗിച്ച് പലതും കടത്താനാകും. സാധാരണ ഒരാൾ ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്നതല്ല ഈ കേസ്. സാർവദേശീയ കരാറുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച സംരക്ഷണ കവചം ഉപയോഗിച്ചാണ് ഇത് നടന്നിരിക്കുന്നത്. അതുകൊണ്ട് ഇതുസംബന്ധിച്ച് വളരെ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.

പാർട്ടിയുടെ പൂർണ പിന്തുണ സംസ്ഥാന സർക്കാരിനുണ്ടോ ?

തീർച്ചയായിട്ടും. സംസ്ഥാനസർക്കാരിന് എല്ലാ പിന്തുണയും പാർട്ടി നൽകും. സർക്കാർ എടുക്കുന്ന എല്ലാ നടപടികളും പാർട്ടി പിന്തുണയോട് കൂടി തന്നെയാണ്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വലിയൊരു ഇമേജ് കെട്ടിപടുത്തിരുന്നു. സ്വകാര്യ ചാനൽ സർവെകൾ തുടർഭരണം വരെ പ്രവചിച്ച സമയത്താണ് ഈ വിവാദം വരുന്നത്.

ഈ വിവാദങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണോ വിവാദങ്ങളെല്ലാം എന്നാണ് പാർട്ടി സംശയിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായയെ ഈ വിഷയം ബാധിച്ചുവെന്ന തോന്നലുണ്ടോ ?

ഒരു നിലയിലും സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. മറിച്ച് മറ്റ് സർക്കാരുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിഷ്‌പക്ഷവും നീതിപൂർവ്വവുമായ നിലപാടാണ് ഈ സർക്കാർ സ്വീകരിക്കുന്നത്.

സ്പ്രിൻക്ലർ വിഷയവുമായി ബന്ധപ്പെട്ടാണ് കൊവിഡ് കാലത്ത് വിവാദങ്ങൾ പൊട്ടി പുറപ്പെടുന്നത്. അന്ന് ഐ.ടി സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ വലിയ വിവാദങ്ങളും ഉയർന്നിരുന്നു.

എല്ലാം പരിഗണിച്ച് മാത്രമെ സർക്കാരിന് ഒരു തീരുമാനം എടുക്കാനാകൂ. സർക്കാർ എടുക്കുന്ന തീരുമാനം നീതി പൂർവ്വവും നിഷ്പക്ഷവുമാകണം. അതുകൊണ്ടാണ് അന്ന് അങ്ങനെയൊരു തീരുമാനമെടുക്കാത്തത്.

അന്ന് കൃത്യമായി അന്വേഷണം നടത്തി ഐ.ടി സെക്രട്ടറിയെ മാറ്റി നിർത്തിയിരുന്നെങ്കിൽ ഇന്ന് ഈ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു

അന്ന് ഇത്തരത്തിലുള്ള ഒരു വിഷയം ഉയർന്നുവന്നിട്ടില്ല. അദ്ദേഹത്തിന്‍റെ ഭാഗത്ത് തെറ്റുള്ളതായി ഞങ്ങൾ ആരുടേയും ശ്രദ്ധയിൽ വന്നിട്ടുമില്ലായിരുന്നു.

പാർട്ടി നയത്തിൽ നിന്ന് വ്യതിചലിച്ച് സ്പ്രിൻക്ലർ ഇടപാട് നടത്തിയത് മുതലാണ് ഈ പുലിവാലെല്ലാം സർക്കാരിന്‍റെ തലയിൽ ആകുന്നത്.

അതൊക്കെ ദുരാരോപണങ്ങളാണ്. അന്നത്തെ നിലയിൽ അടിയന്തര സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് ആ സാഹചര്യത്തിൽ മാറ്റം വന്നു. അപ്പോൾ ആവശ്യമായ തീരുമാനം സർക്കാർ എടുത്തു.

ഈ കേസിനെ സോളാർ കേസുമായി താരതമ്യപ്പെടുത്തിയാണ് വലിയ പ്രചാരണം നടക്കുന്നത്. അന്ന് ഇടത് നേതാക്കൾ പറഞ്ഞതൊക്കെ ഇന്ന് ബൂമറാംഗ് ആവുകയാണ് ?

ഞങ്ങളെ എതിർക്കുന്ന ആളുകൾ സ്വാഭാവികമായും ഏത് വിഷയം കിട്ടിയാലും ഞങ്ങൾക്കെതിരെ പ്രയോഗിക്കാൻ ശ്രമിക്കും. അത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ഞങ്ങളുടെ നിലപാട് ജനങ്ങളോട് പറഞ്ഞ് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.

കേന്ദ്രം വലിയ രീതിയിലാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടിരിക്കുകയാണ്. രാഷ്ട്രീയമായി ഈ വിഷയം സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കാൻ സാദ്ധ്യതയില്ലേ ?

അവർ ഇടപെടട്ടെ. ഇന്നുണ്ടായ വിവാദത്തിൽ കേന്ദ്രമാണ് യഥാർത്ഥത്തിൽ ഇടപെടേണ്ടത്. ന്യായമായ ഏത് ഇടപെടലിനും ഈ സർക്കാരിന്‍റെ സഹായമുണ്ടാകും.

പല വിഷയങ്ങളിലും സി.പി.ഐ രേഖപ്പെടുത്തുന്ന എതിർപ്പ് സി.പി.എമ്മിന് തലവേദനയാവുകയാണോ ?

ഞങ്ങൾക്ക് ചില വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ ആ വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾ പറയും. അതെല്ലാം ഞങ്ങൾ ചർച്ച ചെയ്താണ് ഒടുവിൽ ഒരു തീരുമാനത്തിലെത്തുന്നത്. വളരെ ക്രീയാത്മകമായി പരിശോധിച്ചാണ് വ്യത്യസ്ത അഭിപ്രായങ്ങളുടെ മേൽ ഞങ്ങൾ തീരുമാനമെടുക്കുന്നത്.

ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശനത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ പച്ചക്കൊടി ഉണ്ടാകുമോ ?

ആദ്യം ജോസ് കെ മാണി അദ്ദേഹത്തിന്‍റെ നിലപാട് വ്യക്തമാക്കണം. അല്ലാതെ ഞങ്ങൾ ആലോചിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാകുമ്പോൾ ഞങ്ങൾ അതിനെപ്പറ്റി തീരുമാനിക്കും.