ന്യൂഡൽഹി: സ്വർണക്കടത്തുകേസിലെ അന്വേഷണമുൾപ്പെടെയുളള കാര്യങ്ങളിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംഭവത്തെക്കുറിച്ച് പരോക്ഷ നികുതി ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിർമലാ സീതാരാമനും കൂടിക്കാഴ്ച നടത്തി എന്നും റിപ്പോർട്ടുണ്ട്. കേസിന്റെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം ഏതു തരത്തിലുളള അന്വേഷണം വേണമെന്ന് തീരുമാനിക്കും. ഇപ്പോൾ കസ്റ്റംസാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തെക്കുറിച്ച് സി ബി. ഐ അന്വേഷിക്കണമെന്ന് കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ ഏതന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് ക്രിമിനൽ കേസായി മാറുകയാണെങ്കിൽ സി ബി ഐ അന്വേഷണത്തിന് വഴിതുറക്കും. അതേസമയം സംഭവത്തിൽ ഭീകരപ്രർത്തനത്തിന്റെ കണ്ണികളുണ്ടെങ്കിൽ അന്വേഷണം എൻ ഐ എ ഏറ്റെടുക്കും.
അതേസമയം സ്വർണക്കടത്തിനെക്കുറിച്ച് യു എ ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ കുറ്റകൃത്യം നടത്തിയതിനൊപ്പം ഇന്ത്യയിലെ യു എ ഇ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ശ്രമിച്ച കുറ്റവാളികളെ വെറുതേ വിടില്ലെന്നാണ് കാര്യാലയം പത്രക്കുറിപ്പിൽ പറയുന്നത്. കുറ്റകൃത്യത്തിന്റെ വേരുകൾ കണ്ടെത്തുന്നതിന് ഇന്ത്യൻ അധികൃതർക്ക് എല്ലാ സഹായങ്ങളും അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.