തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ വിവാദ നായിക സ്വപ്‌ന സുരേഷിന് യു.എ.ഇ കോണ്‍സുലേറ്റ് നൽകിയത് ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്നാണ് യു.എ.ഇ കോണ്‍സുലേറ്റിന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. ഐ.ടി വകുപ്പിന് കീഴിൽ സ്വപ്ന ജോലി നേടിയത് ഈ രേഖയുമായാണ്.
യു.എ.ഇ കോൺസുലേറ്റിൽ നിന്നും സാമ്പത്തിക കുറ്റത്തിന് പുറത്താക്കപ്പെട്ട സ്വപ്ന ഗുഡ് സര്‍ട്ടിഫിക്കറ്റുമായാണ് പുറത്തിറങ്ങിയത്. 2016 ഒക്ടോബര്‍ മുതല്‍ 2019 ആഗസ്റ്റ് വരെ ഇവര്‍ ജോലി ചെയ്തിരുന്നുവെന്നും മികച്ച ഉദ്യോഗസ്ഥയാണെന്നുമാണ് സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നത്. പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നതാണ് ആശ്‌ചര്യം. അതുകൊണ്ട് തന്നെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. അന്വേഷണ ഏജന്‍സികൾ ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് സൂചന.
അതേസമയം തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. സ്വപ്ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേരത്തെ തിരുവനന്തപുുരം വിമാനത്താവളം വഴി സ്വർണ്ണ കടത്തിയ കേസിലെ പ്രതിയായ അഭിഭാഷകൻ മുഖേനെയാണ് നീക്കമെന്നാണ് അറിയുന്നത്. സ്വപ്നയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് തുടരുകയാണ്.