sushant-singh

മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളമാണ് മുംബയ് പൊലീസ് ബൻസാലിയെ ചോദ്യം ചെയ്തത്. ബന്‍സാലിയുടെ ചില ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

തന്റെ അഭിഭാഷരെയും സ്റ്റാഫ് അംഗങ്ങളെയും കൊണ്ടാണ് ബൻസാലി ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയത്. സാന്തക്രൂസ് പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളമാണ് സോണൽ ഡിസിപി അഭിഷേക് ത്രിമുഖിന്റെയും ചോദ്യം ചെയ്യൽ നടന്നത്. ബൻസാലിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളായ രാം ലീലയിലും ബജ്രാവോ മസ്താനിയിലും ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് സുശാന്തിനെയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സിനിമകളെല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു. എന്നാൽ തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്ന് ബൻസാലി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

യാഷ് രാജ് നിർമിക്കുന്ന പാനി എന്ന സിനിമയുടെ സമയത്താണ് താൻ വിളിക്കുന്നതെന്നും എന്നാൽ സുശാന്തിന് തനിക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും ബൻസാലി മൊഴി നൽകി. അതുകൊണ്ടാണ് പിന്നീടുള്ള സിനിമകളിലേയ്ക്ക് സുശാന്തിനെ നിർബന്ധിക്കാതിരുന്നെന്നും ബൻസാലി പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് മുംബയിലെ വീട്ടില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.