ആദിമ കാലത്ത് നദീതടങ്ങളിലുണ്ടായിരുന്ന ചരലും മണലും അരിച്ചെടുത്ത് മനുഷ്യൻ കണ്ടെത്തിയ മഞ്ഞ ലോഹം. കാലങ്ങളോളം തുരുമ്പെടുക്കാതെ നശിക്കാതെയിരിക്കാനും ഏത് തരത്തിൽ വേണമെങ്കിലും രൂപ പരിണാമം വരുത്താവുന്നതുമാണെന്ന് മനുഷ്യൻ കണ്ടെത്തിയ അത്ഭുത ലോഹം.ആഫ്രിക്കൻ രാജ്യമായ മാലിയിലെ പതിമൂന്നാം നൂറ്റാണ്ടിലെ രാജാവായ മാൻസാ മൂസ ചരിത്രത്തിലിന്നോളം ഏറ്റവും ധനികനായതിന് കാരണമായ ലോഹം. ആഭരണമായും, നാണയമായും സ്വത്തായും പണയ വസ്തുവായുമെല്ലാം മാറിയ സ്വർണത്തിന് ഇന്നും തരിമ്പുപോലും പ്രാധാന്യം കുറഞ്ഞിട്ടില്ല. ചരിത്രത്തിൽ അങ്ങനെയെല്ലാമാണ് സ്വർണം ശ്രദ്ധേയമായതെങ്കിൽ പുത്തൻ കാലത്ത് വാർത്തയിൽ നിറയുക ജനങ്ങളുടെ ആഭരണ ഭ്രമവും മറ്റ് നാടുകളിൽ നിന്ന് പല രൂപത്തിൽ ഒളിച്ച് കടത്തി പിടിക്കപ്പെടുന്നതും ഒക്കെയാണ്. നയതന്ത്ര പാഴ്‌സലിൽ 30 കിലോ സ്വർണം കടത്തി കേരളത്തിൽ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന മനോഹരമായ മഞ്ഞ ലോഹത്തിന്റെ ചരിത്രം പരിശോധിക്കപ്പെടുകയാണ് ഇവിടെ.
ചരിത്രം
ബി.സി.40000ൽ തന്നെ സ്‌പെയിനിലെ ഗുഹകളിൽ നിന്നും സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. 'പഴയ നിയമ'ത്തിലും സ്വർണത്തെ കുറിച്ച് പരാമർശമുണ്ട്.അറേബ്യൻ കഥകളിലും അലാവുദ്ദീനും അൽഭുതവിളക്ക് പോലെയുളള വിസ്‌മയ കഥകളിലും വലിയ സ്വർണ നിധികളുടെ ചിത്രീകരണവുമുണ്ട്. എന്നാൽ സ്വർണത്തിനായുളള ആദ്യ അന്വേഷണം തുടങ്ങിയത് ഈജിപ്‌റ്റുകാരാണ്. ബി.സി.3600കളിൽ തടവറക്കാരെയും,അടിമകളെയും കൊടും കുറ്റവാളികളെയുമെല്ലാമുപയോഗിച്ച് ഇവർ സ്വർണ ഘനികളിൽ സ്വർണവേട്ട നടത്തി. എന്നാൽ ഇക്കാലത്ത് സ്വർണത്തിന്റെ ഭംഗി മാത്രം കണ്ടാണ് ഇവർ ഇത്തരം വേട്ടകൾ നടത്തിയിരുന്നത്. 2600 ബി.സിയിൽ മെസപ്പെട്ടോമിയൻ ജനത ആഭരണമായും അലങ്കാരമായും സ്വർണം ഉപയോഗിച്ചിരുന്നു. ഈജിപ്ഷ്യൻ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ ശവകുടീരം, ഇസ്രായേലിലെ സോളമൻ രാജാവിന്റെ പ്രസിദ്ധമായ ക്ഷേത്രം ഇങ്ങനെ സ്വർണം കൊണ്ടുളള നിരവധി നിർമ്മിതികൾ പുരാതന കാലത്ത് തന്നെ ഉണ്ടായി. ബി.സി. 564ൽ ലിഡിയയിലെ രാജാവായ ക്രൊയേസസ് ആദ്യമായി സ്വർണം ശുദ്ധീകരിച്ച് നാണയം അടിച്ചിറക്കി.
മെഡിറ്ററേനിയൻ തീരത്തും മദ്ധ്യേഷ്യയിലും ബി.സി 550ൽ സ്വർണ വേട്ട നടത്തി ഗ്രീക്ക്, റോമൻ വംശജർ സ്വർണം ജലം ഉപയോഗിച്ച് ശുദ്ധീകരിക്കാനുളള വിദ്യകളും കണ്ടെത്തി.
എഡി 1300ൽ ലണ്ടനിൽ സ്വർണകച്ചവടക്കാർ സ്വർണാഭരണങ്ങളുടെ ശുദ്ധിയുമായി ബന്ധപ്പെട്ട് ഹാൾമാർക്ക് ചെയ്യാൻ ആരംഭിച്ചു. എഡി 1422ൽ വെനീസിൽ 12 ലക്ഷം സ്വർണനാണയങ്ങൾ അച്ചടിച്ചിറക്കി.
ആധുനിക കാലം
പുതിയ കാലത്തെ ചരിത്രം നോക്കിയാൽ എഡി. 1792ൽ അമേരിക്കയിൽ സ്വർണം, വെളളി ലോഹങ്ങൾക്ക് വില ഏർപ്പെടുത്തി. ഒരു ഔൺസ് സ്വർണത്തിന് വില 19.30 ഡോളറായിരുന്നു. 1848ൽ ജോൺ മാർഷൽ എന്നൊരാൾ ആക്രി സാധനങ്ങൾക്കായുളള മിൽ സ്ഥാപിക്കാൻ സാക്രമെന്റോ എന്ന സ്ഥലത്ത് ഒരുങ്ങുമ്പോൾ വലിയ സ്വർണ നിക്ഷേപ സാധ്യത കണ്ടെത്തുകയും തുടർന്ന് വാർത്ത വളരെ വേഗം വ്യാപിക്കുകയും ഇവിടെ സ്വർണ ഭാഗ്യം തേടി മൂന്ന് ലക്ഷത്തോളം ജനങ്ങൾ എത്തുകയും ചെയ്തു. കാലിഫോർണിയയിലും ഗില നദിക്കരയിലും ജനങ്ങൾ ഭാഗ്യം കുഴിച്ചെടുക്കാൻ ശ്രമിച്ചു. 1846ൽ കാലിഫോർണിയയിൽ ജനസംഖ്യ വെറും 200 ആയിരുന്നെങ്കിൽ 1852ൽ അത് 36000 ആയി വർദ്ധിച്ചു. 1850ൽ കാലിഫോർണിയ ഒരു സംസ്ഥാനമായി മാറാനും ഇടയായത് സ്വർണ നിക്ഷേപവും അതിനായി ഭാഗ്യം തേടിയെത്തിയ ജനങ്ങളുമാണ്.
ലോകത്ത് എഴുപതോളം രാജ്യങ്ങൾ സ്വർണം വ്യാവസായികമായി ഉൽപാദിപ്പിക്കുന്നുണ്ട് നിലവിൽ. ഇതിൽ മുക്കാൽ പങ്കും ദക്ഷിണാഫ്രിക്ക, അമേരിക്ക,ഓസ്ട്രേലിയ, ചൈന,റഷ്യ, കാനഡ എന്നീ രാജ്യങ്ങളിലാണ് . എന്നാൽ സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ച് തുടങ്ങിയത് ഇന്ത്യയിലാണ്.
അളവ്
സ്വർണത്തിന്റെ അളവ് കാരറ്റ് എന്നാണ് പറയുന്നത്. 24 കാരറ്റ് തനി സ്വർണമാണ്. 22 കാരറ്റ്,18 കാരറ്റ് ഇങ്ങനെ പല അളവിൽ ലഭ്യമാണ്. 916 സ്വർണം 22 കാരറ്റാണ്. നൂറ് ഗ്രാമിൽ 91.6 ഗ്രാം ആണ് ഇതിലെ അളവ്.
സമ്പാദ്യം
ഒരു സമ്പാദ്യം എന്ന നിലയിൽ ദീർഘനാളായി നാം ഉപയോഗിക്കുന്നുണ്ട് സ്വർണത്തെ. ആഡംബരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ സ്വർണം എന്ന ലോഹം പണ്ട് കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യാപരിച്ച് തുടങ്ങിയത്.
എഡി. 250ൽ ഗുപ്‌ത രാജാക്കന്മാർ ആദ്യമായി രാജ്യത്ത് സ്വർണ നാണയം പുറത്തിറക്കി. മുഗൾ ഭരണകാലത്ത് ഷാജഹാൻ ചക്രവർത്തിയുടെ മയിലിന്റെ ആകൃതിയുളള മയൂര സിംഹാസനം ചരിത്ര പ്രസിദ്ധമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും വിലയേറിയ ലോഹമായി രാജ്യത്ത് സ്വർണം തുടരുകയാണ്. അടുത്ത കാലത്ത് സ്വർണത്തിന് ഏറ്റവുമധികം വിലയുണ്ടായിരുന്നത് 2020 ഏപ്രിൽ 15നാണ്. 24 കാരറ്റ് സ്വർണത്തിന് 46,536 രൂപയായിരുന്നു അന്ന് വില. ഏറ്റവും വില കുറവ് ഉണ്ടായത് 2001ലാണ് 4300 ആയിരുന്നു അന്നത്തെ വില. രാജ്യം 2008-10ൽ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച കാലത്തും വിലയോടെ നിൽക്കാൻ സ്വർണത്തിന് കഴിഞ്ഞു. 12,500 ആയിരുന്നു 2008ൽ വില. നിലവിൽ 2019നെക്കാൾ 30 ശതമാനമാണ് സ്വർണത്തിൽ വിലവർദ്ധന.
മൂല്യം 200 രൂപ ഉയർന്ന് 36,320 ആണ് കേരളത്തിലെ ഇന്നത്തെ സ്വർണവില. ഗ്രാമിന് 4540 രൂപയും. ചരിത്രത്തിലിന്നോളം മനുഷ്യനെ ഇത്രയധികം സ്വാധീനിച്ച, തുടർന്നും സ്വാധീനിക്കുന്ന ഒരേ ഒരു ലോഹവും സ്വർണം തന്നെ.