ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മൂന്ന് ഗാന്ധി കുടുംബ ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ധിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ആദായനികുതി, വിദേശസംഭാവന തുടങ്ങിയ കാര്യങ്ങളിൽ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ സ്‌പെഷ്യൽ ഡയറക്ടർ അന്വേഷണ സമിതിക്ക് നേതൃത്വം നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം നൽകിയെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. ദുരന്ത നിവാരണത്തിനായി നൽകേണ്ട റിലീഫ് ഫണ്ട് എന്ത് അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയതെന്നും, ആരായിരുന്നു യുപിഎ സർക്കാരിന്റെ കാലത്ത് പിഎംഎൻആർഎഫ് ബോർഡിലുണ്ടായിരുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഗാന്ധി കുടുംബ ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ മേധാവി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മൻമോഹൻസിംഗ്, പി. ചിദംബരം എന്നിവരും ഇതിൽ അംഗങ്ങളാണ്. അതേസമയം കോൺഗ്രസ് ഈ ആരോപണങ്ങൾ തളളി രംഗത്തുവന്നു. ഇന്ത്യ-ചെെന വിഷയത്തിൽ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമമെന്നും കോൺഗ്രസ് പറഞ്ഞു.