തിരുവനന്തപുരം: സ്‌പേസ് പാർക്ക് പരിപാടിയുടെ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണടച്ച് പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല സർക്കാർ പരിപാടികളുടെയും മുഖ്യ ആസൂത്രക സ്വപ്ന ആയിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണം. കള്ളക്കടത്ത് കേസിൽ പൊലീസ് വീഴ്ച വരുത്തി. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വപ്നയെ നിയമിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എം. ശിവശങ്കരനെ ന്യായീകരിക്കുകയാണ്. സ്വപ്ന സുരേഷ് ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ച പോലും കയറാത്ത ഇരുമ്പ് മറയാണ്. അതിനകത്ത് കൊള്ളയും അഴിമതിയുമാണ് നടക്കുന്നത്.
രാജ്യാന്തര സ്വർണക്കടത്തിലെ ശൃംഖല മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞ നാല് വർഷമായി ഈ സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ചെയ്‌തിട്ടുള്ള കാര്യങ്ങൾ നാട്ടിൽ പാട്ടാണ്. സ്വപ്നയേയും മുഖ്യമന്ത്രി രക്ഷിക്കാൻ ശ്രമിക്കുകയാണ്. സ്വപ്നയുടെ നിയമനം ഏജൻസിയുടെ തലയിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേസന്വേഷണം വൈകിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രൈസ് വാട്ടറാണ് സ്വപ്നയെ നിയമിച്ചതെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.