gold-smuggling

തിരുവനന്തപുരം: യു.എ.ഇ സ്വര്‍ണ കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപ് സരിത്തിന്റെ സഹോദരന്‍ ആണെന്നാണ് റിപ്പോ‌ട്ടുകൾ. ഫേസ്ബുക്കില്‍ ഉള്‍പ്പടെ സരിത്തിന്റെ പ്രൊഫൈലില്‍ സഹോദരന്‍ എന്ന് കുറിച്ചിരിക്കുന്നു. ഇതിനിടെ ആണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തത്.

ഇവര്‍ സ്വപ്ന സുരേഷിന്റെ സുഹൃത്താണ്. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സന്ദീപ് നിലവിൽ ഒളിവിലാണ്. നേരത്തെയും സന്ദീപിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സന്ദീപ് മാല മോഷണ കേസില്‍ ഉള്‍പ്പടെ പ്രതിയായിരുന്നു.

സ്ഥിരമായി ദുബായ് പോയി വരുമായിരുന്ന സന്ദീപ് ആഡംബര കാറുകള്‍ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇത് സൂക്ഷിക്കാന്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത വര്‍ക്ക് ഷോപ്പായിരുന്നു സന്ദീപ് ഉപയോഗിച്ചിരുന്നത്. സന്ദീപിന്റെ വളര്‍ച്ച വളരെ പെട്ടന്ന് ആയിരുന്നു. നേരത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആര്യനാടുള്ള ഒരു കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

കട ഉടമയായ സന്ദീപിന്റെ ഭാര്യയാണ് ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ ഉള്ളത്. ഇന്നലെ വൈകുന്നേരം വീട്ടില്‍ പരിശോധനയിലും സന്ദീപിനെ കണ്ടെത്താനായിട്ടില്ല. സ്വര്‍ണകടത്ത് കേസില്‍ സന്ദീപ് നായരുടെ പങ്ക് വെളുപ്പെടുത്തിയത് സരിത്ത് തന്നെ ആണ്. സന്ദീപിനും, ഭാര്യയ്ക്കും സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്.

കേസില്‍ കസ്റ്റഡിയില്‍ എടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്റെ ഭാര്യ. നേരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ സരിത്ത് കേസില്‍ അറസ്റ്റില്‍ ആയിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വപ്ന സുരേഷ് അടക്കം അഞ്ച് പേരുടെ പങ്ക് പുറത്തു വന്നത്. സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ കണ്ടെത്താന്‍ ശ്രമിക്കുനന്നതിനിടെ, സ്വര്‍ണ്ണ കടത്തില്‍ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകന്‍ മുഖേനെ സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകള്‍ കിട്ടിയില്ല. തിരുവനന്തപുരത്തെ സ്വപ്നയുടെ ഫ്ളാറ്റില്‍ രണ്ടാം ദിവസവും പരിശോധന നടത്തി. ശാന്തിഗിരി ആശ്രമത്തിലും പരിശോധിച്ചു. ആശ്രമത്തില്‍ സ്വപ്നയുണ്ടെന്ന ചില പ്രചാരണങ്ങളെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ സ്വര്‍ണ്ണം കടത്തിയത് ആര്‍ക്ക് വേണ്ടിയാണ് എന്നത് അടക്കമുളള കൃത്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.