കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് കേസന്വേഷണം നടത്തിയ പ്രത്യേക സംഘം വ്യക്തമാക്കി. പ്രതികളുടെ ലക്ഷ്യം സ്ത്രീകളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കൽ മാത്രമായിരുന്നുവെന്നാണ് വിലയിരുത്തൽ. പ്രതികൾ നടിമാരെയും മോഡലുകളെയും വലയിൽ വീഴ്ത്താനായി ഉപയോഗിച്ചിരുന്ന ഓഫർ ആയിരുന്നു സ്വർണ ബിസിനസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
കേസിലെ പ്രതികളാരും സ്വർണക്കടത്ത് നടത്തിയതായി കണ്ടെത്താനായിട്ടില്ല. ഇവർക്ക് ഇത്തരത്തിലുള്ള പശ്ചാത്തലമുള്ളതായി അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രതികളുടെയും സാക്ഷികളുടെയും വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറേറ്റ്, കൊച്ചി സിറ്റി പൊലീസിന് കത്ത് നൽകി. എന്നാൽ ഇതുവരെ വിവരങ്ങളൊന്നും കസ്റ്റംസിന് പൊലീസ് നൽകിയിട്ടില്ല. സ്വർണക്കടത്തിന്‍റെ പേരിൽ ബന്ധപ്പെട്ടെന്ന് ഇരകൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്.