തിരുവനന്തപുരം: എസ് എൻ സി ലാവ്‌ലിൻ കേസിൽ ആരോപണവിധേയനായിരുന്ന ദിലീപ് രാഹുലനെതിരെ ബി ജെ പി നേതാവ് എം ടി രമേശ് രംഗത്തെത്തി. ദീലീപ് രാഹുലൻ സ്വർണക്കടത്തിലെ കാരിയറാണെന്ന് സംശയമുണ്ടെന്നാണ് എം.ടി രമേശ് ആരോപിക്കുന്നത്.
''ദിലീപ് രാഹുലന് മുഖ്യമന്ത്രിയുടെ ഒാഫീസുമായും സ്വപ്ന സുരേഷുമായും ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത് . ഇതിനെക്കുറിച്ചുളള എല്ലാ കാര്യങ്ങളും പുറത്തുവരണം. യു എ ഇ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ ദിലീപ് രാഹുലൻ അതിഥിയായിരുന്നു. അയാളെ ക്ഷണിച്ചത് സ്വപ്ന സുരേഷാണ്. ഇതിന് ആരാണ് അനുമതി നൽകിയത്. ദിലീപ് രാഹുലനും സ്വപ്നയും തമ്മിലുള്ള ബന്ധമെന്താണ് ?. മുഖ്യമന്ത്രി അറിയാത്ത വ്യക്തിയല്ല ദിലീപ് രാഹുലൻ '' - എം ടി രമേശ് പറഞ്ഞു.