insure

ന്യൂ‌ഡൽഹി: ആരോഗ്യ സഞ്ജീവനി പോളിസിയുടെ മാനദണ്ഡങ്ങളിൽ പുതിയ പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. കുറഞ്ഞത് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷ്വർ ചെയ്യുന്നതിനുള്ള ഓപ്ഷനുകളായിരുന്നു മുമ്പ് ആരോഗ്യ സഞ്ജീവനി പോളിസിയിൽ ലഭ്യമായിരുന്നത്.

പുനരവലോകത്തിലൂടെ ജനറൽ, ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് ഒരു ലക്ഷത്തിൽ താഴെയും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുമുള്ള ഇൻഷുറൻസ് പോളിസി വാഗ്ദ്ധാനം ചെയ്യുന്നു. മുമ്പത്തേത് പോലെ 50,000 രൂപയുടെ ഗുണിതങ്ങളിലാണ് ആരോഗ്യ സഞ്ജീവനി പോളിസി വാഗ്ദ്ധാനം ചെയ്തിരിക്കുന്നതെന്ന് ഐ.ആര്‍.ഡി എ ഐ ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പോളിസി മാനദണ്ഡങ്ങൾ ഉടൻ തന്നെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഐ.ആര്‍.ഡി.എ.ഐയുടെ ആരോഗ്യ സഞ്ജീവനി നിലവിൽ വന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപവരെ പരിരക്ഷ നല്‍കുന്ന ഒരു പോളിസിയാണിത്. 29 ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ ഇൻഷുറൻസ് മാര്‍ക്കറ്റ് ചെയ്യുന്നതിന് ഐ.ആര്‍.ഡി.എ.ഐ അനുമതി നല്‍കിയിരുന്നു.