ഹൂസ്‌റ്റൺ: കൊവിഡ് രോഗം പരത്തുന്ന കൊറോണ വൈറസിനെ പിടികൂടി നിമിഷങ്ങൾക്കകം കൊല്ലുന്ന എയർഫിൽറ്റർ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. കൊവിഡ് മൂലം പൊതുവിൽ അടഞ്ഞ പരിസരങ്ങളിൽ നടത്തുന്ന ആശുപത്രികൾ,ആരോഗ്യ കേന്ദ്രങ്ങൾ,സ്‌കൂളുകൾ എന്നിവിടങ്ങളിലും പൊതുഗതാഗത സംവിധാനമായ വിമാനങ്ങളിലും ഇത് ഉപയോഗിക്കാമെന്ന് അമേരിക്കയിലെ ഹൂസ്‌റ്റണിലുളള മെറ്റീരിയൽസ് ടുഡേ ഫിസിക്‌സ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന പഠനത്തിലാണ് ഈ വിവരം.
എയർ ഫിൽറ്ററിനുളളിലൂടെ കടന്നുവന്ന 99.8% കൊവിഡ് രോഗാണുവിനെയും ഇല്ലാതാക്കിയെന്ന് കണ്ടെത്തി. അന്ത്രാക്‌സ് രോഗം സൃഷ്ടിക്കുന്ന ബാസില്ലസ് ആന്ത്രാസിസ് രോഗാണുവിനെയും 99.9% ഇല്ലാതാക്കിയതായും കണ്ടെത്തി.നിക്കൽ ഫോമിൽ നിർമ്മിച്ച ഈ എയർ ഫിൽറ്റർ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഉപയോഗിക്കുന്നതിനാലാണിത്. 70 ഡിഗ്രി വരെയാണ് കൊവിഡ് രോഗാണുവിന് കഴിയാവുന്ന പരമാവധി ചൂട്. മൂന്ന് മണിക്കൂറോളം അന്തരീക്ഷത്തിൽ കഴിയാവുന്ന കൊവിഡ് രോഗാണുവിനെ നിമിഷ നേരം കൊണ്ട് എയർ ഫിൽറ്റർ ഇല്ലാതാക്കുന്നു. ഇതുണ്ടാക്കാൻ ഉപയോഗിക്കുന്ന നിക്കൽ ഫോം സുഷിരങ്ങൾ ധാരാളം ഉളളതിനാലും, വായുവിനെ നന്നായി കടത്തിവിടുന്നതിനാലും, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതിനാലും നന്നായി വഴങ്ങുന്നത് ആയതുകൊണ്ടും ഉപയോഗപ്രദമാണ്. വേഗം കേടാകാതിരിക്കാൻ മടക്കുകളായാണ് ഫോം എയർ ഫിൽറ്ററിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ഇവക്ക് 250 ഡിഗ്രി ചൂട് വരെ താങ്ങാനാകും.
നിരവധി ആളുകൾ ഒന്നിച്ച് കൂടുന്ന ഇടങ്ങളിൽ എയർഫിൽറ്റർ ഉപയോഗിക്കുന്നതിലൂടെ അവിടെ കൂടുന്ന ജനങ്ങൾക്ക് ഒരു പരിധിവരെ സംരക്ഷണമേകാൻ സാധിക്കും.