pic

ന്യൂഡൽഹി: ബുധനാഴ്ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മാറ്റിവച്ചു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും അദ്ദേഹത്തിന്റെ എതിരാളി പുഷ്പ കമൽ ദഹലുവും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങൾക്ക് സ്റ്റാന്റിംഗ് കമ്മിറ്റി നടപടിയിലൂടെ അവസാനമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. നേപ്പാൾ അനുകൂല നിലപാടെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്ക് ഉളളിൽ തന്നെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർമാൻമാരായ പി എം ഒലിയും പുഷ്പ കമൽ ദഹലുവും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്കൊടുവിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി മുന്നോട്ട് പോകാമെന്ന് ഇരു നേതാക്കളും സമ്മതിച്ചിരുന്നു. 44 അംഗ സ്റ്റാന്റിംഗ് കമ്മിറ്റിയെ നേരിടാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറ‌ഞ്ഞിരുന്നു. കമ്മിറ്റിയിൽ 30 ഓളം പേർ ഒലിക്കെതിരാണ്.

കെ പി ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമം നടന്നാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് ഇടത്പക്ഷ പാർട്ടിയായി വിഭജിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. കെ പി ശർമ്മ ഒലിക്ക് പിന്തുണ നൽകുന്ന ചെെന ഈ സാഹചര്യം ഒഴിവാക്കാനാകും ശ്രമിക്കുക. ഇതിന്റെ ഭാഗമായി ചെെനീസ് അംബാസിഡർ എൻസിപി നേതാക്കളുമായി ചർച്ച നടത്തി.

2018 ഫെബ്രുവരിയിലാണ് കെ പി ശർമ്മ ഒലി രണ്ടാം തവണ പ്രധാനമന്ത്രിയാകുന്നത്. എൻസിപിയിലെ നേതാക്കൾ തന്നെ ശർമ്മ ഒലിയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികൂല പ്രമേയങ്ങൾ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിക്കണമെങ്കിൽ 400 സെന്റട്രൽ കമ്മിറ്റി അംഗങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ പ്രമേയത്തിൽ സഹ ചെയർമാനായ പി എം ഒലി ഒപ്പിട്ടില്ലെങ്കിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എതിർപ്പ് പ്രശ്നമല്ല.