''ഈ അമ്മയുടെ മക്കൾ - ഇന്ത്യയുടെ മാനം കാക്കാൻ പോരാടിയ പാണ്ഡവർ" എന്ന കേരളകൗമുദി വാർത്ത ആവർത്തിച്ചു വായിച്ചു. ഇതര മാദ്ധ്യമങ്ങളെ അപേക്ഷിച്ച് സൈനികരെ ഏറ്റവും കൂടുതൽ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കേരളകൗമുദിക്ക് അഭിനന്ദനങ്ങൾ. 2018ലെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ സൈനികരെ ആദരിച്ച ഏക പത്രം കേരളകൗമുദിയാണെന്നുള്ളത് നന്ദിപൂർവം സ്മരിക്കുന്നു.
അഡ്വ. പി.കെ. ശങ്കരൻകുട്ടി
കഴക്കൂട്ടം
ചിരിയുടെ അമിട്ടുകൾ
'ചിരിപ്പിക്കുന്ന രാഷ്ട്രീയം" എന്ന കേരളകൗമുദിയുടെ മുഖപ്രസംഗം നന്നായി. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ടത് എന്തിനായിരുന്നു എന്ന് രാഷ്ട്രീയം പഠിച്ചിട്ടുള്ള ഏവർക്കും അറിവുള്ളതാണ്. കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി ഉണ്ടാക്കിയതെങ്കിലും ഐക്യമുന്നണിയുടെ ഒരു ഘടകകക്ഷിയായി തുടർന്നുപോന്നു. എങ്ങനെയും അധികാരത്തിന്റെ പങ്കുപറ്റുകയെന്നുള്ള ഒരേ ഒരു കാര്യമാണ് അവർക്കുള്ളത്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ശരിക്കും ചിരിയുടെ അമിട്ടുകളാണ്.
എം.വി. കുഞ്ഞുമോൻ
ആർപ്പൂക്കര