കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കാസർകോട് സ്വദേശിയായ അബ്‌ദുൾ റഹ്മാനാണ് മരിച്ചത്.കർണാടക ഹുബ്ലിയിൽ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാൾ. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാൾക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കൊവിഡ് സാമ്പിൾ വീണ്ടും അയക്കുകയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് അബ്‌ദുൾ റഹ്മാൻ മരിച്ചത്. ഇയാൾക്ക് കേരളത്തിൽ ആരുമായും സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും കർണാടകയിൽ വച്ചാണ് രോഗം പിടിപെട്ടതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. വ്യാപാരിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത് അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. പനി കൂടുതലാണെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിലേക്ക് എത്തിയത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു.
ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ആണ് ഫലം പോസിറ്റീവ് ആയത്. വിശദ പരിശോധനയ്ക്കായി സാമ്പിൾ പെരിയ ലാബിലേക്ക് അയക്കുകയും തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.