കേക്കിന് പകരം മാസ്ക് വിതരണം ചെയ്ത്
ദാദയുടെ പിറന്നാളാഘോഷം
കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുടെ നാല്പത്തിയെട്ടാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. തങ്ങളുടെ പ്രിയപ്പെട്ട ദാദയുടെ പിറന്നാൾ ദിനത്തിൽ സാധാരണ കേക്ക് മുറിച്ച് വിതരണം ചെയ്യാറുള്ള ആരാധക സംഘം എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും ഗാംഗുലിയുടെ ചിത്രം ആലേഖനം ചെയ്ത മാസ്ക് നൽകിയാണ് ആഘോഷിച്ചത്.സാധാരണ പിറന്നാൾ ദിനത്തിൽ ബെഹാലയിൽ ഗാംഗുലിയുടെ വീടിനു മുന്നിലാണ് ഈ ആഘോഷം നടക്കാറുള്ളത്.
അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായിട്ടുള്ള ആദ്യ ജന്മദിനമാണിത്. പക്ഷേ ഈ പ്രത്യേക സാഹചര്യത്തിൽ ഒരു കേക്ക് പോലും മുറിച്ച ആഘോഷിക്കാനാകാത്ത സ്ഥിതിയാണ്. അതിനാൽ ഇപ്പോൾ ഏറെ അത്യാവശ്യമായ മാസ്കുകൾ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗാംഗുലിയുടെ ആരാധക സംഘത്തിലെ പ്രധാനിയായ മനസ് ചാറ്രർജ്ജി പറഞ്ഞു.
മാസ്‌കിന്റെ ഒരു വശത്ത് 1996-ൽ ലോഡ്സിൽ ഗാംഗുലിയുടെ അരങ്ങേറ്റത്തിലെ ചിത്രവും മറുവശത്ത് അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റായപ്പോഴത്തെ ചിത്രവുമാണുള്ളത്.