തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ആര്യനാട് പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മാത്രം ആറുപേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനൊപ്പം കാരോട് പഞ്ചായത്തിലെ കാക്കവിള, പുതുശ്ശേരി, പുതിയ ഉച്ചക്കട എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെത്തന്നെ ആര്യനാട് പഞ്ചായത്ത് അടച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി ആര്യനാട് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കുളള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.