juventus

യുവന്റസിനെ 4-2ന് തകർത്ത് എ.സി മിലാൻ

മിലാന്റെ ജയം രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം

ആറുഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ

മിലാൻ : ഇറ്രാലിയൻ സെരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അഞ്ച് മിനിട്ടിനിടെ നേടിയ മൂന്ന് ഗോളുകൾക്ക് നിലവിലെ ചാമ്പ്യൻമാരായ യുവന്റസിനെ തോൽപ്പിച്ച് എ.സി മിലാൻ. 4-2 എന്ന സ്കോറിനാണ് മിലാന്റെ ജയം. കൊവിഡിനെത്തുടർന്ന് നിറുത്തി വച്ചിരുന്ന ലീഗ് പുനരാരംഭിച്ച ശേഷം യുവന്റസിന്റെ ആദ്യ തോൽവിയാണിത്. മത്സരത്തിലെ എല്ലാ ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.

47-ാം മിനിട്ടിൽ ആഡ്രിയാൻ റാബിയോട്ടിന്റെ തകർപ്പൻ സോളോ ഗോളിൽ മുന്നിലെത്തിയ യുവന്റസ് 53-ാം മിനിട്ടിൽ റൊണാൾഡോയുടെ ഗോളിൽ ലീഡുയർത്തി. എന്നാൽ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 62-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്രി ഗോളാക്കി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മിലാന്റെ അക്കൗണ്ട് തുറന്നു. തുടർന്ന് 66-ാം മിനിട്ടിൽ ഫ്ലാങ്ക് കെസീയും 67-ാം മിനിട്ടിൽ റാഫേൽ ലിയോയും നേടിയ ഗോളുകൾ മിലാനെ മുന്നിലെത്തിക്കുകയായിരുന്നു. 87-ാം മിനിട്ടിൽ റെബിച്ച് മിലാന്റെ വിജയമുറപ്പിച്ച ഗോൾ നേടി.

ഇൗ തോൽവി യുവന്റസിന്റെ കിരീടസാദ്ധ്യതയ്ക്ക് വലിയ വെല്ലുവിളിയാവില്ല. 31 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.രണ്ടാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 31 മത്സരങ്ങളിൽ നിന്ന് 68 പോയിന്റേയുള്ളൂ.

കഴിഞ്ഞ ദിവസം ലെക്കെയ്ക്ക് എതിരെ തോൽവി വഴങ്ങിയതാണ് ലാസിയോയ്ക് തിരിച്ചടിയായത്. ജയിച്ചിരുന്നെങ്കിൽ യുവന്റസുമായുള്ള പോയിന്റകലം നാല് പോയിന്റായി കുറയ്ക്കാമായിരുന്നു. ഇനി ഏഴ് മത്സരങ്ങൾ വീതമാണ് ലീഗിൽ യുവന്റസിനും ലാസിയോയ്ക്കും ശേഷിക്കുന്നത്.

യുവന്റസിനെതിരായ കിടിലൻ വിജയത്തോടെ എ.സി മിലാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.31 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് മിലാനുള്ളത്. 11-ാം തീയതി അറ്റലാന്റയുമായാണ് യുവന്റസിന്റെ അടുത്ത മത്സരം.

അടി, തിരിച്ചടി...കിടിലൻ കളി

ഇറ്റാലിയൻ സെരി എയിൽ ലോക്ക്ഡൗണിന് ശേഷം നടന്ന ഏറ്റവും ആവേശജനകമായ മത്സരമാണ് കഴിഞ്ഞ രാത്രി എ.സി മിലാന്റെ ഹോംഗ്രൗണ്ടായ സാൻസിറോയിൽ നടന്നത്. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ സ്കോർബോർഡ് ചടുലമാവുകയായിരുന്നു.ആദ്യ രണ്ട് ഗോളുകൾ നേടിയ യുവന്റസ് അൽപ്പമൊന്നു അയഞ്ഞപ്പോൾ ആ പിഴവിൽ നിന്ന് കുതിച്ചുകയറുകയായിരുന്നു മിലാൻ. സ്ളാട്ടൻ ഇബ്രാഹിമോവിച്ചിന് ലഭിച്ച പെനാൽറ്റിയിലൂടെ മാർഗം തുറന്നു കിട്ടിയ അവർ ഞൊടിയിടയിൽ രണ്ടുഗോളുകൾ കൂടി നേടിയതോടെ ക്രിസ്റ്റ്യാനോയും കൂട്ടരും അമ്പരന്നു. റെബിച്ചിന്റെ ഗോളും കൂടിയായതോടെ മിലാൻ ആനന്ദത്തേരിലേറി. മത്സരത്തിന്റെ അവസാന സെക്കൻഡിൽ ക്രിസ്റ്റ്യാനോ പന്ത് ലവയിലെത്തിച്ചെങ്കിലും റഫറി ഒാഫ്സൈഡ് വിളിച്ചു.

ഗോളുകൾ ഇങ്ങനെ

0-1

47-ാം മിനിട്ട്

റാബിയോട്ട്

മദ്ധ്യനിരയിലിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് കയറിവന്ന റാബിയോട്ട് പ്രതിരോധിക്കാനുണ്ടായിരുന്ന ഹെർണാണ്ടസിനെ സമർത്ഥമായി വെട്ടിയൊഴിഞ്ഞ് ഇടം കാലുകൊണ്ട് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

0-2

53-ാം മിനിട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവാൻ ക്വാർഡാഡോ ഉയർത്തി നൽകിയ പന്ത് രണ്ട് ഡിഫൻഡർമാർക്കിടയിലൂടെയാണ് ക്രിസ്റ്റ്യാനോ വലയിലേക്ക് കടത്തിവിട്ടത്.

1-2

62-ാം മിനിട്ട്

സ്ളാട്ടൺ ഇബ്രാഹിമോവിച്ച്

യുവന്റസ് താരം ബൊന്നൂച്ചിയുടെ ഒരു അനാവശ്യഫൗളാണ് കളിക്ക് വഴിത്തിരിവുണ്ടാക്കിയത്.ഹെർനാണ്ടസിനെ കൈമുട്ടുകൊണ്ട് ഫൗൾ ചെയ്തതിന് റഫറി അനുവദിച്ച പെനാൽറ്റി സ്ളാട്ടൺ ഇൗസിയായി ഗോളാക്കി.

2-2

66-ാം മിനിട്ട്

കെസീ

കൂട്ടായ ഒരു മുന്നേറ്റത്തിൽ നിന്നാണ് അടുത്തഗോൾ പിറന്നത്. കലാനോഗ്ളുവിൽ നിന്ന് കിട്ടിയ പന്ത് ഇബ്ര കെസീക്ക് നൽകി.ഡിഫൻഡർമാരെ മറികടന്ന് കെസീ വലയിലാക്കി.

3-2

67-ാം മിനിട്ട്

റാഫേൽ ലിയോ

തൊട്ടടുത്ത മിനിട്ടിൽ റാഫേൽ ലിയോയും വലകുലുക്കിയതോടെ യുവയെ ഞെട്ടിച്ച് മിലാന് ലീഡ്. യുവെയിൽ നിന്ന് റാഞ്ചിയെടുത്ത പന്തുമായി ഒാടിക്കയറിയ റെബിച്ച്നൽകിയ പാസാണ് ലിയോ ഗോളാക്കിയത്.

4-2

80-ാം മിനിട്ട്

ആന്റേ റെബിച്ച്

യുവെയുടെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് റെബിച്ച്.ബോണവെഞ്ചുറയുടെ കൃത്യതയാർന്ന പാസാണ് റെബിച്ച് വലയിലാക്കിയത്.

1989ന് ശേഷമാണ് എ.സി മിലാൻ സെരി എയിൽ യുവന്റസിനെതിരെ നാലു ഗോളുകൾ സ്കോർ ചെയ്യുന്നത്.

7 വർഷത്തിന് ശേഷമാണ് യുവന്റസ് സെരി എയിൽ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്നശേഷം തോൽക്കുന്നത്.

4 കൊല്ലത്തിന് ശേഷമാണ് എ.സി മിലാൻ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്നശേഷം ജയിക്കുന്നത്.

പോയിന്റ് ടേബിൾ

(ടീം ,കളി ,പോയിന്റ് ക്രമത്തിൽ )

യുവന്റസ് 31 -75

ലാസിയോ 31 -68

ഇന്റർമിലാൻ 30-64

അറ്റലാന്റ 30- 63

എ.സി മിലാൻ 31 -49