pi

ന്യൂഡൽഹി: കൊവിഡ് ശമനമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ സി ബി എസ് ഇ സിലബ് കുറച്ചു. 2020-21 അദ്ധ്യയന വർഷത്തെ സിലബസിൽ മുപ്പതുശതമാനമാണ് കുറവുവരുത്തിരിക്കുന്നത്. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതുമുതൽ 12വരെ ക്ളാസുകൾക്ക് മാത്രമാണ് ഇത് ബാധകം. സിലബസിൽ കുറവുവരുത്തിയേക്കുമെന്ന് നേരത്തേ തന്നെ അധികൃതർ സൂചന നൽകിയിരുന്നു.

വിദ്യാഭ്യാസ വിദഗ്ധരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കരണം. സിലബസിലെ കാതലായ ഭാഗങ്ങൾ നിലനിറുത്തിക്കൊണ്ടായിരിക്കും പരിഷ്കരണം എന്നാണ് അധികൃതർ പറയുന്നത്.

ധനതത്വശാസ്ത്രം., പൊളി​റ്റി​ക്കൽ സയൻസ് എന്നിവയിലാണ് കൂടുതൽ മാറ്റങ്ങൾ. പതിനൊന്നാം ക്ളാസിലെ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് പൂർണമായും ഇല്ലാതാക്കിയ അദ്ധ്യായങ്ങളിൽ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവ ഉൾപ്പെടുന്നു.പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് സമകാലിക ലോകത്തിലെ സുരക്ഷ, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹിക മുന്നേറ്റങ്ങൾ, പ്രാദേശിക അഭിലാഷങ്ങൾ എന്നീഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. ആസൂത്രിത വികസനം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ സ്വഭാവം, ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതികൾ എന്നിവയുൾപ്പെടുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. പത്താം ക്ലാസിലെ ജനാധിപത്യവും വൈവിധ്യവും, ജാതി, മതം, ലിംഗഭേദം, ജനാധിപത്യത്തോടുള്ള വെല്ലുവിളികൾ എന്നിവയിലെ അദ്ധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

കൊവിഡ് കാരണം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇതുവരെ തുറന്നിട്ടില്ല. എന്നുമുതൽ തുറക്കുമെന്ന കാര്യത്തിലും വ്യക്തയില്ല. ഒാൺലൈൻ വഴിയാണ് ഇപ്പോൾ ക്ളാസുകൾ നടക്കുന്നത്.