107 വർഷങ്ങൾക്ക് മുമ്പ്, ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും ന്യൂയോർക്ക് നഗരത്തേക്ക് പുറപ്പെട്ട ഒരു കൂറ്റൻ കപ്പൽ മഞ്ഞുമലയിലിടിച്ച് കടലാഴങ്ങളിൽ മറഞ്ഞു. ഇന്നും ആർക്കും മറക്കാനാകില്ല കന്നിയാത്രയിൽ തന്നെ തകർന്നടിഞ്ഞ ടൈറ്റാനികിന്റെ ദുർവിധി.
ലോകത്തുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പൽ ദുരന്തമാണ് 1912 ഏപ്രിലിൽ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ ഉണ്ടായ ടൈറ്റാനിക് ദുരന്തം. 1600ഓളം പേർക്കാണ് ആ മരംകോച്ചുന്ന തണുത്ത രാത്രി അറ്റ്‌ലാൻഡികിൽ ജീവൻ നഷ്ടമായത്. ഇതിനിടെയിൽ ആയുസിന്റെ ബലം കൊണ്ടു രക്ഷപ്പെട്ട ചിലരുമുണ്ട്. അതിലൊരാളാണ് അമേരിക്കൻ മുൻ ടെന്നീസ് താരം റിച്ചാർഡ് നോറിസ് വില്യംസ്. !
ആർ.എം.എസ് ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് തകരുമ്പോൾ ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ കൂട്ടത്തിൽ റിച്ചാർഡും പിതാവും ഉണ്ടായിരുന്നു. റിച്ചാർഡിന് അന്ന് 21 വയസായിരുന്നു പ്രായം.
ഹാർവേർഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പോകുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ ടെന്നീസ് ടൂർണമെന്റിൽ പങ്കെടുക്കാനാണ് റിച്ചാർഡ് യാത്ര പുറപ്പെട്ടത്. തകർന്ന ടൈറ്റാനികിൽ നിന്നും റിച്ചാർഡും പിതാവും അറ്റ്‌ലാൻഡിക് സമുദ്രത്തിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പതിച്ചു. കപ്പൽ രണ്ടായി പിളരുന്നതിനിടെ പുകക്കുഴൽ പതിച്ച് റിച്ചാർഡിന്റെ പിതാവ് മരിച്ചു. തലനാരിഴയാണ് റിച്ചാർഡ് രക്ഷപ്പെട്ടത്. അരയ്ക്ക് താഴേക്ക് അറ്റ്‌ലാൻഡികിലെ കൊടും തണുപ്പിൽ മുങ്ങിക്കിടന്ന റിച്ചാർഡിനെ പിന്നീട് ലൈഫ് ബോട്ട് സംഘം രക്ഷിക്കുകയായിരുന്നു.
രക്ഷാപ്രവർത്തകർ ആർ.എം.എസ് കാർപേത്യ കപ്പലിലേക്ക് റിച്ചാർഡിനെയും മറ്റും സുരക്ഷിതമായി എത്തിച്ചു. തണുത്തുറഞ്ഞ് പോയ റിച്ചാർഡിന്റെ കാലുകൾ മുറിച്ചു മാറ്റണം എന്നായിരുന്നു കാർപേത്യയിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ നിർദേശം. എന്നാൽ റിച്ചാർഡ് അതിന് സമ്മതിച്ചില്ല. തന്റെ കാലുകൾക്ക് റിച്ചാർഡ് പ്രത്യേക വ്യായാമം നൽകാൻ തുടങ്ങി. ക്രമേണ കാലുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ റിച്ചാർഡിന് കഴിഞ്ഞു. വൻ ദുരന്തത്തെ അഭിമുഖീകരിച്ച ശേഷം ജീവിതം തിരിച്ചു പിടിച്ച റിച്ചാർഡ് രണ്ട് മാസങ്ങൾക്ക് ശേഷം 1912ൽ നടന്ന യു.എസ് ഓപ്പണിൽ മിക്‌സഡ് ഡബിൾസ് ചാമ്പ്യനായി.
1914, 1916 വർഷങ്ങളിൽ യു.എസ് ഓപ്പൺ സിംഗിൾസ് ചാമ്പ്യനായ റിച്ചാർഡ് 1920ൽ വിംബിൾടൺ മെൻസ് ഡബിൾസ് കിരീടം സ്വന്തമാക്കുകയും ചെയ്‌തു. 1916ൽ ലോക രണ്ടാം നമ്പർ സ്ഥാനത്തെത്തിയ റിച്ചാർഡ് 1924 പാരീസ് ഒളിമ്പിക്‌സിൽ മിക്‌സഡ് ഡബൾസിൽ സ്വർണം സ്വർണം സ്വന്തമാക്കി. ഒന്നാം ലോകമഹായുദ്ധക്കാലത്ത് യു.എസ്. സൈന്യത്തിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള റിച്ചാർഡ് 1968ൽ 77ാം വയസിലാണ് അന്തരിച്ചത്.