തെഹ്റാൻ: ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും മരണപാശങ്ങൾ നീട്ടി കൊവിഡ് മഹാമാരി സംഹാരതാണ്ഡവം തുടരുന്നു. ആകെ മരണം അഞ്ചര ലക്ഷമായി. ആകെ രോഗികൾ 1.20 കോടി. രോഗവ്യാപനത്തിൽ ഒന്നാംസ്ഥാനത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ബ്രസീലാണ് രണ്ടാംസ്ഥാനത്ത്. രോഗവ്യാപനത്തെ പുച്ഛിച്ചുതള്ളിയിരുന്ന ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗവ്യാപനത്തിന്റെ ആഗോളപട്ടികയിൽ 10-ാം സ്ഥാനത്തുള്ള ഇറാനിൽ രോഗബാധിതരായി കഴിഞ്ഞദിവസം 200 പേർ മരിച്ചു. ഇറാനിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്. അതേസമയം, ചൈനയിലെ ബീജിംഗിൽ പുതിയ ഒരു കേസും റിപ്പോർട്ട് ചെയ്തില്ല. രണ്ടാംതവണ രോഗം റിപ്പോർട്ട് ചെയ്ത കഴിഞ്ഞമാസം മുതൽ ആദ്യമായാണ് ഈ സ്ഥിതിയുണ്ടാകുന്നത്.
തീവ്രമായ രോഗവ്യാപനത്തെത്തുടർന്ന് ആസ്ട്രേലിയയിലെ വിക്ടോറിയയിൽ നാലാഴ്ചത്തേക്ക് ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. വിക്ടോറിയയുടെ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി അടച്ചിരിക്കുകയാണ്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ആദ്യ ആഴ്ചകളിലേതുപോലെ, യു.എസിൽ വീണ്ടും പി.പി.ഇ കിറ്റുകൾക്ക് ക്ഷാമമുണ്ടായി. രോഗികളുടെ എണ്ണം വർദ്ധിച്ചതും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതുമാണ് കാരണം. മതിയായ തോതിൽ പി.പി.ഇ കിറ്റ് ലഭിക്കാത്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടന രംഗത്തുണ്ട്. രാജ്യത്തെ ആദ്യ കൊവിഡ് വ്യാപനത്തിന്റെ ആഘാതം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് യു.എസിലെ മുതിർന്ന പകർച്ചവ്യാധി വിദഗ്ദ്ധൻ ആന്റണി ഫൗസി പറഞ്ഞു.