swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ ബിനാമിയായ സന്ദീപ് നായർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സന്ദീപിന്‍റെ അമ്മ. മകൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താൻ വളരെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്‌നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതിൽ കൂടുതൽ അറിയില്ലെന്നും സന്ദീപിന്‍റെ അമ്മ വ്യക്തമാക്കി.

തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സന്ദീപ് നായർ. ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.

തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. സാമ്പത്തികനേട്ടം ഇയാളുണ്ടാക്കിയത് വളരെ പെട്ടെന്നാണ്. അടുത്തിടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിൽ ഒരു ആഢംബര കാർ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ദുബായിലേക്ക് ഇയാൾ യാത്ര ചെയ്തിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ തന്‍റെ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. 2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തു. സ്വപ്ന സുരേഷ് അപരിചിതയായിരുന്നില്ല എന്നാണ് സ്പീക്കർ എം ശ്രീരാമകൃഷ്ണൻ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ഇന്ന് രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളായ റോ, ഐ.ബി എന്നിവയിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് സൗമ്യയെ ചോദ്യം ചെയ്യുന്നത്. എന്നാൽ സന്ദീപിന്‍റെ കള്ളക്കടത്ത് ബിസിനസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഭാര്യ സൗമ്യ മൊഴി നൽകിയിരിക്കുന്നത്.