ന്യൂയോർക്ക്: ചന്ദ്രനിലേക്ക് ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ കാലുറപ്പിക്കുന്നു. 2024ൽ ദൗത്യം സഫലമാക്കാനൊരുങ്ങുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. നാസയുടെ ചാന്ദ്ര പദ്ധതിയായ ആർട്ടെമിസിന്റെ ഭാഗമായാണ് ദൗത്യം. പ്രപഞ്ചത്തിലെ ദുരൂഹതകളിലേക്ക് വെളിച്ചം പകരുകയും മനുഷ്യകുലത്തിന്റെ അതിർത്തികൾ സൗരയൂഥത്തിലേക്ക് കൂടുതൽ വികസിപ്പിക്കുകയും ചെയ്യുകയാണ് ആർട്ടെമിസിന്റെ ലക്ഷ്യം. ഇതുവരെ ആരും സന്ദർശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ഭാഗത്തായിരിക്കും ഈ ദൗത്യത്തിലൂടെ നാസ പര്യവേക്ഷണം നടത്തുക. ചൊവ്വയിലേക്കുള്ള നാസയുടെ പര്യവേഷണ ദൗത്യത്തിന് അടിത്തറ പാകുന്നതാണ് ആർട്ടെമിസിന്റെ പുതിയ ദൗത്യം.
സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) റോക്കറ്റാണ് ആർട്ടെമിസ് ദൗത്യത്തിനായി നാസ ഉപയോഗിക്കു
ന്നത്. നാസയുടെ ദൗത്യത്തിന് വേണ്ടുംവിധമുള്ള പരീക്ഷണഘട്ടത്തിലാണ് എസ്.എൽ.എസ് ഇപ്പോൾ.
ന്നേരത്തെ 2028ൽ ചന്ദ്രനിലേക്ക് വീണ്ടും പോകുമെന്നാണ് നാസ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് ചാന്ദ്ര ദൗത്യം 2024ലേക്കാനുള്ള ട്രംപ് സർക്കാരിന്റെ ആഗ്രഹം വെളിപ്പെടുത്തിയതോടെയാണ് പദ്ധതി 2024ലേക്ക് പുനർനിർണയിക്കപ്പെടുന്നത്. നാസയുടെ 50ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ആർട്ടെമിസ് പദ്ധതിയിൽ ആദ്യ വനിതയോടൊപ്പം ചന്ദ്രനിലിറങ്ങുന്ന അടുത്ത പുരുഷനുമുണ്ടാവും.
ആർട്ടെമിസ്- അപ്പോളോയുടെ ഇരട്ടസഹോദരി
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിച്ച നാസയുടെ ചാന്ദ്ര ദൗത്യത്തിന് ഗ്രീക്ക് പുരാണത്തിലെ ദേവനായ അപ്പോളോയുടെ പേരായിരുന്നു. അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. ഈ ദൗത്യത്തിൽ സ്ത്രീകൂടി ആദ്യമായി ചന്ദ്രനിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചാന്ദ്രദൗത്യം നാലുപതിറ്റാണ്ടിന് ശേഷം
1969 ജൂലായ് 16നാണ് അപ്പോളോ ദൗത്യമായ അപ്പോളോ 11 ആദ്യമായി മനുഷ്യരേയും വഹിച്ച് ഭൂമിയിൽ നിന്നും കുതിച്ചുയർന്നത്. മനുഷ്യരെയും വഹിച്ചുള്ള അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17 സംഭവിച്ചത് 1972 ഡിസംബർ ഏഴിനായിരുന്നു. ഇതിനിടെ ആറ് തവണയായി 12 പുരുഷന്മാർ ചന്ദ്രനിൽ പോയി. പിന്നീട് 48 വർഷം നീണ്ട ഇടവേളക്കുശേഷം ഇപ്പോഴാണ് നാസ ചന്ദ്രനിലേക്കുള്ള മനുഷ്യയാത്ര പുനരാരംഭിക്കുന്നത്.