വാഷിംഗ്ടൺ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന് ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു.
അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാൻ നോട്ടീസ് നൽകിയ വിവരം യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്ഥിരീകരിച്ചു. പിൻമാറ്റം 2021 ജൂലായ് ആറിന് പ്രാബല്യത്തിൽ വരും.
അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നൽകിവരുന്ന സാമ്പത്തിക സഹായം പിൻവലിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് യു.എസിന്റെ പിൻമാറ്റം. ഇതോടെ അമേരിക്ക ഡബ്ല്യു.എച്ച്.ഒയ്ക്ക് നൽകിവന്നിരുന്ന സാമ്പത്തിക സഹായവും നിലച്ചേക്കും.
ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകിവരുന്ന രാജ്യമാണ് അമേരിക്ക. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അമേരിക്ക നൽകിവന്നിരുന്നത്. മൊത്തം സംഘടനയ്ക്ക് ലഭിക്കുന്ന തുകയുടെ 15 ശതമാനം വരുമിത്. കൊവിഡ് ബാധയെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നുവെന്നും ചൈനയ്ക്ക് വേണ്ടി ഇതു മറച്ചുവെച്ചെന്നും നേരത്തേ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടായ സാഹചര്യത്തിൽ ഡോണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കെതിരെയും ചൈനയ്ക്കെതിരെയും രംഗത്തെത്തിയിരുന്നു. എന്നാൽ, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങൾ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ചൈനയിൽനിന്നാണ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും കൊവിഡ് മഹാമാരി ഏറ്റവുമധികം പ്രത്യാഘാതങ്ങളുണ്ടാക്കിയത് അമേരിക്കയിലാണ്.