
നോംപെൻ : കംബോഡിയയിൽ സിയം റീപ്പ് പ്രവിശ്യയിൽ നായകളുടെ മാംസം വില്പന നടത്തുന്നും ഉപയോഗിക്കുന്നതും നിരോധിച്ചു. കംബോഡിയയുടെ വ്യാവസായിക തലസ്ഥാനമായ ഇവിടെ പ്രതിവർഷം 30 ലക്ഷത്തോളം നായകളെയാണ് മാംസത്തിനായി കൊല്ലുന്നതെന്നാണ് കണക്ക്. കബോഡിയ ഉൾപ്പെടെയുള്ള പല ഏഷ്യൻ രാജ്യങ്ങളിലും നായ ഇറച്ചിയ്ക്ക് ഏറെ പ്രചാരമാണുള്ളത്. നായ ഇറച്ചി വില്ക്കുന്ന മാർക്കറ്റുകൾ സിയം റീപ്പിൽ ധാരാളമുണ്ട്.
മാസം 7,000ത്തോളം നായകളെയാണ് സിയം റീപ്പ് പ്രവിശ്യയിൽ കൊല്ലുന്നതെന്നാണ് മൃഗസംരക്ഷണ സംഘടനകൾ പറയുന്നത്.
നായയുടെയും മറ്റും ഇറച്ചി റാബിസ് പോലുള്ള വൈറസുകളുടെ വ്യാപനത്തിന് കാരണമാകാം. ഇത് മനുഷ്യരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ ലോകത്തെ വിറപ്പിക്കുന്ന കൊവിഡിനെ തന്നെയാണ് ഉദാഹരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നായകളെ മാംസത്തിനായി പിടികൂടുകയോ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആഹാരത്തിനായി നായകളെ കൊന്നാൽ അഞ്ച് വർഷം വരെ ജയിൽ വാസവും 7 മുതൽ 50 ദശലക്ഷം കംബോഡിയൻ റീൽ വരെ പിഴയും ഈടാക്കും. ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായ സിയം റീപ്പ് നഗരത്തിൽ നായ ഇറച്ചിയ്ക്കായി 20 ലേറെ റെസ്റ്റോറന്റുകളും ഉണ്ട്. കംബോഡിയയുടെ തലസ്ഥാനമായ നോം പെന്നിലേക്കുൾപ്പെടെ നായ ഇറച്ചി ഇവിടെ നിന്നും കയറ്റി അയയ്ക്കുന്നുമുണ്ട്. സിയം റീപ്പ് നഗരത്തിലാണ് പ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കംബോഡിയയിൽ നായ മാംസം നിരോധിക്കുന്ന ആദ്യത്തെ പ്രവിശ്യയാണ് സിയം റീപ്പ്.