v-muraleedharan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കുറ്റം ചെയ്തവരെയെല്ലാം നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കുന്നുണ്ട്. കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും കെെ കഴുകി രക്ഷപ്പെടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കരാർ ജീവനക്കാരി ആയി നിയമിക്കപ്പെട്ട സ്ത്രീ എങ്ങനെ സംസ്ഥാന സർക്കാരിന്റെ പരിപാടികളുടെ നടത്തിപ്പുകാരിയായെന്നും അദ്ദേഹം ചോദിച്ചു. ആരോപണ വിധേയനായ ഐ ടി സെക്രട്ടറി അവധിയിൽ പോകുക മാത്രമാണ് ചെയ്തത്. അത് ഒരിക്കലും ഒരു അച്ചടക്ക നടപടിയല്ല. കള്ളക്കടത്ത് അന്വേഷിക്കുക എന്നുള്ളതാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറിക്ക് പങ്കില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമനുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് കര്‍ശനമായി നിരീക്ഷിക്കുന്നതായും വിവരമുണ്ട്. കസ്റ്റംസ് അന്വേഷണത്തിന്റെ പോക്ക് വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയെ നിയോഗിക്കുന്ന കാര്യം കേന്ദ്രം തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരന്‍മാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്.