sandi

തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർ സിപിഎം അംഗമാണെന്ന ഇയാളുടെ അമ്മയുടെ വാദം തള‌ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സന്ദീപ് നായർ പാർട്ടിക്കാരനാണെന്ന് ചിലർ മനപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും വാദത്തെ അപലപിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിപ്രായപ്പെട്ടു. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്.

സന്ദീപിന്റെ അമ്മയോട് ചോദിക്കുമ്പോൾ അവൻ പാർട്ടിയിലുണ്ടെന്നാണ് അവർ പറയുന്നത്. ഏത് പാർട്ടി എന്ന് ചോദിക്കുമ്പോൾ സിപിഎം എന്നാണവർ പറയുന്നത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിജെപി അനുഭാവമാണ് സന്ദീപ് പ്രകടമാക്കുന്നതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണ രംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന് ഫേസ്ബുക്കിൽ സൂചനയുണ്ട്. ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്ന സന്ദീപ് പിന്നീട് പലരുടെയും ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. ഒരു ബിജെപി കൗൺസിലറുടെ ഡ്രൈവറായും ജോലി നോക്കിയിട്ടുണ്ട്.

എന്നാൽ സ്വർണകടത്ത് കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ കണ്ണൂരിൽ അഭിപ്രായപ്പെട്ടു. സർക്കാരിന് സ്വർണകടത്തുമായി ബന്ധമൊന്നുമില്ല. സന്ദീപ് നായർ സിപിഎം അംഗമല്ല ഇയാൾ ബിജെപി പ്രവർത്തകനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.