ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ച് ചെൽസി പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത്
ആഴ്സനലിനോട് സമനില വഴങ്ങിയ ലെസ്റ്റർ സിറ്റി നാലാമതേക്ക് താഴ്ന്നു
ലണ്ടൻ : ഇൗ സീസണിൽ കിരീടം നേടാനാവില്ലെങ്കിലും മാന്യമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന പ്രതീക്ഷയുമായി മുൻ ചാമ്പ്യൻമാരായ ചെൽസി. കഴിഞ്ഞ രാത്രി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെതകർത്തെറിഞ്ഞാണ് മുൻ നായകൻ ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ചാടിക്കയറിയത്. ഏറെനാളായി മൂന്നാംസ്ഥാനക്കാരായിരുന്ന ലെസ്റ്റർ സിറ്റി തൊട്ടുപിന്നാലെ ആഴ്സനലുമായി 1-1ന് സമനില വഴങ്ങുകയും ചെയ്തതതോടെ ചെൽസിയുടെ ആഹ്ളാദം ഇരട്ടിയായി. 34 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 60പോയിന്റും ലെസ്റ്ററിന് 59 പോയിന്റുമാണ് ഇപ്പോഴുള്ളത്. ലിവർപൂൾ കിരീടമുറപ്പിച്ചുകഴിഞ്ഞ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം 1-0ത്തിന് എവർട്ടണെയും വാറ്റ്ഫോർഡ് 2-1ന് നോർവിച്ച് സിറ്റിയെയും തോൽപ്പിച്ചു.
ക്രിസ്റ്റൽ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒലിവർ ജിറൂദ്,ക്രിസ്റ്റ്യൻ പുലിസിച്ച്,ടാമി അബ്രഹാം എന്നിവരിലൂടെയാണ് ചെൽസി സ്കോർ ചെയ്തത്. വിൽഫ്രഡ് സാഹയും ബെൻടേക്കും ആതിഥേയർക്ക് വേണ്ടി വലകുലുക്കി. ആറാം മിനിട്ടിൽ ജിറൂദിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. 27-ാം മിനിട്ടിൽ പുലിസിച്ച് രണ്ടാം ഗോളും നേടി. 34-ാം മിനിട്ടിൽ സാഹ ഒരു ഗോൾ തിരിച്ചടിച്ചു. ചെൽസിയ്ക്കായിരുന്നു ഇടവേളയിൽ ലീഡ്. 71-ാം മിനിട്ടിൽ ടാമി എബ്രഹാമിന്റെ തകർപ്പൻ ഗോളിലൂടെ ചെൽസി ലീഡ് 3-1 ആയി ഉയർത്തിയെങ്കിലും തൊട്ടടുത്ത മിനിട്ടിൽ ബെൻടേക്ക് ഒരുഗോൾകൂടി മടക്കിയതോടെ മത്സരം ആവേശജനകമായി. എന്നാൽ അവസാന സമയം വരെ ജാഗ്രത പുലർത്തിയ ചെൽസി വിജയവും കൊണ്ട് കരയ്ക്ക് കയറി.
പത്തുപേരായി ചുരുങ്ങിയിട്ടും ലെസ്റ്ററിനെ സമനിലയിൽ തളയ്ക്കാനായ സന്തോഷത്തിലാണ് ആഴ്സനൽ കളം വിട്ടത്. 21-ാം മിനിട്ടിൽ ഒൗബമയാംഗിലൂടെ സ്കോർ ചെയ്തിരുന്ന ആഴ്സനലിന് അർഹതയുണ്ടായിരുന്ന വിജയം സമനിലയിലേക്ക് വഴിമാറ്റി വിട്ടത് ജെറമി വാർഡിയുടെ ഒാഫ്സൈഡാണോ എന്ന് സംശയമുണർത്തിയ ഗോളായിരുന്നു.75-ാം മിനിട്ടിൽ എതിരാളിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് സ്ട്രെയ്റ്റ് റെഡ്കാർഡ് കണ്ട് എൻകെയ്ത മടങ്ങിയതുമുതൽ പത്തുപേരുമായാണ് ആഴ്സനൽ കളിച്ചത്. ഇൗ സമനിലയോടെ 34 മത്സരങ്ങളിൽ നിന്ന് 50 പോയിന്റ് തികച്ച ആഴ്സനൽ ഏഴാം സ്ഥാനത്താണ്.
മത്സരഫലങ്ങൾ
ചെൽസി 3- ക്രിസ്റ്റൽ പാലസ് 2
ആഴ്സനൽ 1- ലെസ്റ്റർ സിറ്റി 1
വാറ്റ്ഫോർഡ് 2- നോർവിച്ച് സിറ്റി 1
പ്രിമിയർ ലീഗ് പോയിന്റ് ടേബിൾ
(ടീം, കളി,പോയിന്റ് ക്രമത്തിൽ )
ലിവർപൂൾ 33-89
മാഞ്ചസ്റ്റർ സിറ്റി 33-66
ചെൽസി 34-60
ലെസ്റ്റർ സിറ്റി 34-59
മാൻ.യുണൈറ്റഡ് 33-55
വോൾവർ 33-52
ആഴ്സനൽ 34 -50