ടിക്ക് ടോക്കിന് പകരം ഇന്ത്യയിൽ ഇനി മുതൽ ഇൻസ്റ്റാഗ്രം റീൽസ്. ടിക്ക് ടോക്കിലെ പോലെ തന്നെ വീഡിയോകൾ നിർമിക്കാനും ഷെയർ ചെയ്യാനും ഇതിലൂടെ സാധിക്കും. ബ്രസീൽ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും ഇൻസ്റ്റാഗ്രം റീൽസ് പരീക്ഷണം നടത്തി. ഇന്ന് രാത്രി 7:30 മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങും. കേന്ദ്ര സർക്കാർ ചെെനീസ് ആപ്പുകൾ നിരോധിച്ചതിന് ശേഷം ആദ്യമായാണ് ടിക്ക് ടോക്കിന് പകരമായി ഒരു ആപ്പ് ഇന്ത്യയിൽ ഇറങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ഇൻസ്റ്റാഗ്രാം അപ്ലിക്കേഷനിൽ തന്നെയാണ് റീൽസ് സവിശേഷത സംയോജിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 15 സെക്കന്റ് വീഡിയോ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും.
ഉപഭോക്താക്കൾക്ക് സംഗീത ട്രാക്കുകൾ ഉപയോഗിക്കാനായി തിരഞ്ഞെടുക്കാം,വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും ഇതിൽ സാധിക്കും. അതോടൊപ്പം ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റു നിരവധി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റീൽസിനെ “വിനോദത്തിന്റെ ഭാവി” എന്ന് വിശേഷിപ്പിച്ച ഫേസ്ബുക്ക് പ്രൊഡക്ക്റ്റ് വൈസ് പ്രസിഡന്റ് വിശാൽ ഷാ ഇന്ത്യയിലെ കലാകാരന്മാരുടെ കഴിവുകൾ പുറത്ത് കൊണ്ട് വരാനും അവരെ ആഗോള താരങ്ങളാക്കാനും റീൽസിന് സാധിക്കുമെന്നും പറഞ്ഞു. പരീക്ഷണ ഘട്ടത്തിലായിരിക്കുമ്പോൾ തന്നെ റീൽസിന് ഇന്ത്യൻ ടിക്ക് ടോക്കായ ചിംഗാരി, മിട്രോൺ, റോപോസോ തുടങ്ങിയ ആപ്പുകൾ എതിരാളികളായിരുന്നു. നിരവധി ടിക്ക് ടോക്ക് സ്രഷ്‌ടാക്കൾ ഇതിനകം തന്നെ ഇൻസ്റ്റാഗ്രാമിലേക്ക് മാറി കഴിഞ്ഞു.