കൊവിഡ്കാലത്ത് കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചില കാഴ്ചകൾ...
യുദ്ധസമാനസ്ഥിതിയാണ് ലോകമെങ്ങും. മുൾമുനയിലാണ് ജനങ്ങൾ. എവിടേക്ക് നോക്കിയാലും പേടിപ്പിക്കുന്ന കണക്കുകൾ മാത്രം. ഇന്ത്യയിലും കൊച്ചുകേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. രോഗനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ക്വാറന്റൈനും ഐസൊലേഷനും ലോക്ക് ഡൗണും എല്ലാമിന്ന് സുപരിചിത പദങ്ങൾ മാത്രം. കേരളം 'കൊവിഡ് സുനാമിയോട്" എങ്ങനെ പ്രതികരിച്ചു, ചില നർമ്മചിന്തകൾ...
കൊവിഡും മതേതരത്വവും
കടലും കടലാടിയും പോലെയല്ലേ കൊവിഡും മതേതരത്വവും എന്ന് കരുതാൻ വരട്ടെ. പീഡനാനുഭവത്തിന്റെ പെസഹയും ദുഃഖവെള്ളിയും ഉയിർത്തെഴുന്നേൽപ്പിന്റെ ഈസ്റ്ററും വിശ്വാസസമൂഹത്തിന്റെ അസാന്നിദ്ധ്യത്തിലാണ് പള്ളികളിൽ നടന്നത്. വിഷുവിന് ഗുരുവായൂരപ്പനെ കണികാണാനോ, ശബരിമല ദർശനമോ സാദ്ധ്യമായില്ല. തൃശൂർ പൂരവും ലോക്കിലായി. റംസാൻ ആഘോഷത്തിലും തിളക്കം കുറഞ്ഞിരുന്നു. കൊവിഡ് മതേതരവാദിയാണെന്നതിന് പിന്നെന്തു തെളിവ് വേണം?
വീണ്ടും വന്ന സൂപ്പർഹീറോസ്
ദൃശ്യമാദ്ധ്യമരംഗത്തായിരുന്നു കൊവിഡ് പ്രതിഫലനം കൂടുതൽ പ്രകടമായത്. സ്വകാര്യചാനലുകളുടെ കടന്നുകയറ്റത്തിൽ പ്രേക്ഷകർ ദൂരം പാലിച്ച ദൂരദർശനെ അവരുടെ സമീപത്ത് തിരിച്ചുകൊണ്ടുവരാൻ കൊവിഡ് കാലത്തിന് കഴിഞ്ഞു. സ്വീകരണമുറിയിൽ നിന്നും 'മഹാഭാരത്" എന്ന് നീട്ടിയുള്ള ശീർഷകഗാനവും പിതാശ്രീ, മാതാശ്രീ, സൗഭാഗ്യവതി ഹോ തുടങ്ങിയ വാക്കുകളും കേൾക്കാൻ തുടങ്ങി. അന്താരാഷ്ട്ര മാൻത്രയങ്ങളായ സൂപ്പർമാൻ, സ്പൈഡർമാൻ, ബാറ്റ്മാൻ എന്നിവർക്കൊപ്പം ദേശീസൂപ്പർഹീറോയായ ശക്തിമാനും തലയെടുപ്പോടെ രംഗത്തെത്തി.
പൊലീസും ചില ലംഘകരും
മലയാളികളുടെ ദേശീയോത്സവമായ ഹർത്താലുകൾ സൂപ്പർഹിറ്റാക്കുന്നതിന്റെ പ്രേരകശക്തികളായ ബിവറേജസ് ഔട്ട്ലെറ്റുകളും സിഡി കടകളും കോഴിക്കടകളും ലോക്കിലായപ്പോൾ ജനങ്ങൾ എന്തുചെയ്യണമെന്നറിയാതെ ചങ്കിടിപ്പിലായി. ജീവിച്ചിരിക്കുന്ന അളിയന്റെ ചരമചടങ്ങിനിറങ്ങിയവരും ഭാര്യയുടെ ഇല്ലാപ്രസവത്തിനെന്ന വ്യാജനെ ആശുപത്രിയിലേക്ക് കുതിച്ചവരും പൊലീസുകാർക്ക് പണിയോടൊപ്പം ഒരൽപ്പം ചിരിക്കുള്ള അവസരവും നൽകി. ചില മഹിളാമണികളും മുട്ടാപ്പോക്കുന്യായങ്ങളുമായി റോഡിലിറങ്ങി. പഴുത്ത് ചീഞ്ഞളിഞ്ഞ കണ്ണ് മറയ്ക്കാനെന്ന ഭാവത്തിൽ കണ്ണടവച്ചും പാരമ്പര്യമായി കിട്ടിയ താടിയിൽ മിനുക്ക് പണികളുമായി കൃത്രിമത്താടിയാക്കിയും ആൾമാറാട്ടം നടത്തിയെങ്കിലും പൊലീസ് കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല. കണ്ണൂരിൽ എസ്.പി നൽകിയ ഏത്തമിടീൽ ശിക്ഷ വിവാദമായതിനാൽ തവളച്ചാട്ടം, ചാക്കിൽ കയറിയുള്ള ചാട്ടം, ലെമൺ ആന്റ് സ്പൂൺ, സാങ്കൽപ്പിക കസേരക്കളി ഇത്യാദി കലാപരിപാടികൾ മലയാളികൾക്ക് ആസ്വദിക്കാൻ വക കിട്ടിയില്ല.
മുന്നേ വന്ന വിചാരങ്ങൾ
കൊവിഡ് കാലത്ത് ആദ്യപരിഗണന ആർക്ക് കിട്ടി എന്ന ചോദ്യത്തിൽ തർക്കമേയില്ല. തിരക്കഥാകൃത്ത് രൺജി പണിക്കർ എഴുതിനാൽ 'ദി മോസ്റ്റ് പ്രിവിലേജ്ഡ്, ദി ലക്കിയസ്റ്റ് സിറ്റിസൺ". മദ്യപർക്കായി സർക്കാർ സ്വീകരിച്ച നടപടികൾ അവർക്ക് ലഹരിയിറങ്ങിയാലും മറക്കാൻ കഴിയുന്നതല്ല. മദ്യശാലകൾക്ക് ലോക്ക് വീണതോടെ ഡോക്ടറുടെ കുറിപ്പടിയിലൂടെയും ഓൺലൈനായും മദ്യലഭ്യതയ്ക്കുമുള്ള അവസരമാണ് കൈ വന്നത്. 'ഈ സർക്കാർ മദ്യപരുടെ ഐശ്വര്യം" എന്ന് ഹൃദയത്തിൽ രേഖപ്പെടുത്തിയവർ പോലും മദ്യ കിട്ടാനുള്ള ആപ്പ് വന്ന് ആപ്പിലായതോടെ ആ ചിന്ത തിരുത്തിക്കുറിച്ചു. 'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്" എന്ന ആപ്തവാക്യം ജീവിതത്തിൽ പകർത്തിയ മറ്റു ചിലർ നല്ല ഉദ്ദേശ്യത്തോടെ പുറത്തറങ്ങി സമൂഹമായും ഒറ്റയ്ക്കും വാറ്റാൻ തുടങ്ങി. പ്രഷർ കുക്കർ, തെർമ്മൽ കുക്കർ തുടങ്ങി വാറ്റിനുപയോഗിക്കാവുന്ന കൂടുതൽ ഉപകരണങ്ങൾ അടുക്കളയിൽ നിന്നും കണ്ടെത്തി എന്നു തന്നെ പറയാം. വീട് പാലുകാച്ചലിന് മുമ്പുതന്നെ അവിടെ ചാരായം വാറ്റി, തങ്ങളുടെ വിശ്വാസ്യത തെളിയിച്ചവരുമുണ്ട്. എക്സൈസുകാരുടെ ശല്യമില്ലെങ്കിൽ പച്ചിലച്ചാറിൽ നിന്നും പച്ചവെള്ളത്തിൽ നിന്നും വീര്യമുള്ള ലഹരി മലയാളി കണ്ടുപിടിച്ചേനെ.
ഡ്രോണും ഓടി രക്ഷപ്പെട്ടവരും
എന്തു തന്നെ ലോകത്ത് സംഭവിച്ചാലും തോട്ടുവരമ്പിലും മറ്റും ഒളിച്ചിരുന്ന് മദ്യപാന, ചീട്ടുകളി കലാപരിപാടിയിലേർപ്പെട്ടവരുടെ ചങ്ക് പൊള്ളിക്കുന്നതായിരുന്നു പൊലീസിന്റെ ഡ്രോൺ പരീക്ഷണം. ഡ്രോണിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടാൻ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിയവരും ആടുതോമാ സ്റ്റൈലിൽ മുണ്ട് തലയിലിട്ട് ഓടിയവരും പാറക്കൂട്ടങ്ങൾക്കിടയിൽ പട്ടാളക്കാരെ പോലെ ഒളിച്ചിരുന്നവരുമുണ്ട്. അതെല്ലാം സഹിക്കാം, പക്ഷേ, ഈ ഓട്ടമെല്ലാം മാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയയും വഴി നാട്ടുകാർ കണ്ട് ചിരിച്ചതാണ് വല്ലാത്ത വേദനയായത്.
വീട്ടിലെ മുന്തിരിവള്ളികൾ
കൊവിഡ് കാലത്ത് സ്ത്രീകൾക്കെതിരായുള്ള ഗാർഹികപീഡനങ്ങൾ കൂടി എന്ന് കണക്കുകൾ സത്യം പറഞ്ഞു. ഇതിന് ഒരു മറുപുറമുണ്ടെന്ന ് 'സമചിത്തം" എന്ന മനശാസ്ത്രപംക്തി കൈകാര്യം ചെയ്യുന്ന ഡോ. ചിത്തരഞ്ജൻ ലളിതമായി വിശദീകരിച്ചു. സാധാരണക്കാർക്ക് ലളിതമായി മനസിലാക്കാൻ ഈ പ്രശ്നത്തിന് 'മുന്തിരിവള്ളി സിൻഡ്രോം" എന്ന പേര് നൽകി. ഇതെന്താ ഇപ്പോ ഇതുവരെ കേൾക്കാത്ത സിൻഡ്രോം എന്ന് ചിന്തിച്ച് തലപുകയ്ക്കേണ്ട. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" എന്ന സിനിമ ഒന്നു ഓർത്തു നോക്കൂ. മോഹൻലാൽ അവതരിപ്പിക്കുന്ന ഉലഹന്നാനും അദ്ദേഹത്തിന്റെ ഭാര്യ മീന അവതരിപ്പിക്കുന്ന ആനിയമ്മയ്ക്കും ഇടയിലുള്ള പ്രണയം കാലചക്രത്തിന്റെ യാത്രയിൽ നഷ്ടപ്പെടുന്നതും പിന്നീട് അത് തിരിച്ചറിഞ്ഞ് അവർ ജീവിതത്തിൽ പ്രണയം വീണ്ടെടുക്കുന്നതുമാണല്ലോ സിനിമയുടെ കഥ. ജോലിത്തിരക്കും കൂട്ടുകാരോടൊപ്പം രണ്ടെണ്ണം വീശിയും ജീവിച്ച ഉലഹന്നാൻമാരാണ് ലോക്ക് ഡൗണിൽ ശരിക്കുംപെട്ടത്. അവർ നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾഅതിന് വഴങ്ങാത്ത ആനിയമ്മമാർ ആ ഉദ്യമങ്ങളെ തടഞ്ഞതാകാം ഇത്തരം പരാതികൾക്കിടയാക്കിയതെന്ന വാദവും ഉയർന്നിട്ടുണ്ട്.
നിലച്ച കല്യാണമേളങ്ങൾ
നീണ്ടുനീണ്ടുപോകുന്ന കല്യാണങ്ങളെയാണ് 'ഗണപതി കല്യാണം പോലെ" എന്ന ശൈലിയിൽ വിശേഷിപ്പിക്കുന്നത്. ആ ശൈലി ഇപ്പോൾ 'കൊറോണക്കാലത്തെ കല്യാണം പോലെ" എന്ന് മലയാളികൾ മാറ്റിക്കഴിഞ്ഞു. നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണമെന്ന കവിഭാവന പോല കൊവിഡ്, ലോക്ക് ഡൗൺ കാലത്ത് അഞ്ചുകിലോ അരിയും അൻപതുരൂപയും പച്ചക്കറിക്കിറ്റുമുണ്ടെങ്കിൽ കല്യാണം നടത്താമെന്ന അവസ്ഥയായി. പല പൊങ്ങച്ചക്കല്യാണങ്ങളും വീടുകളിൽ ലളിതമായി നടത്തപ്പെട്ടു. ലോക്ക് ഡൗണിൽ ബ്യൂട്ടി പാർലറുകൾ അടഞ്ഞപ്പോൾ അതു വരെ 'സുന്ദരി" കളായിരുന്ന പല കൊച്ചമ്മമാരുടെയും തനിമുഖം പുറത്തുവന്നു. പുരുഷകേസരികളാകട്ടെ തങ്ങളുടെ വെള്ളിവരകൾ കോറിയിട്ട താടിരോമങ്ങൾ പുറത്തുകാണിക്കാതിരിക്കാൻ ദിവസേന നടത്തുന്ന ഷേവിംഗ് നിറുത്തി, സാൾട്ട് ആന്റ് പെപ്പർ ലുക്കിലായി. തല അന്വേഷിച്ച് ബാർബർമാർ വീട്ടിലെത്തുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്.
ക്വാറന്റൈൻ, ഐസൊലേഷൻ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കൊവിഡ് പ്രതിരോധ നടപടികൾ ശത്രുക്കൾക്കെതിരെയുള്ള ആയുധമാക്കിയ ചില വിരുതൻമാരും മുന്നിട്ടിറങ്ങി. ഹോം ക്വാറന്റൈൻ ചിലർ ലംഘിക്കുന്നതായി നിരന്തരം ആരോഗ്യപ്രവർത്തകരെ വിളിച്ചറിയിച്ചു. വീട്ടിലിരിപ്പുകാരുടെ ബന്ധുക്കളെ വിളിച്ച് അവർക്ക് രോഗം സ്ഥിരീകരിച്ചെന്ന് വ്യാജസന്ദേശങ്ങൾ കൈമാറി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ സെലിബ്രിറ്റികൾ മരിച്ചെന്നും പറഞ്ഞ് വ്യാജപോസ്റ്റുകളും പ്രചരിപ്പിക്കുന്നു.
(ഫോൺ: 9895374328)