sbi

കൊച്ചി: എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്ക് പലിശ നിരക്ക് വീണ്ടും കുറയും.എം.സി.എല്‍.ആര്‍ നിരക്കുകള്‍ കുറച്ചതാണ് പലിശ നിരക്കില്‍ പ്രതിഫലിക്കുക. ഹ്രസ്വകാലത്തേക്കുള്ള വായ്പകളുടെ നിരക്കാണ് പ്രധാനമായും കുറയുക.6.75-ല്‍ നിന്ന് 6.65 ആയി ആണ് നിരക്കുകള്‍ കുറച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യമൊട്ടാകെയുള്ള വായ്പാ ഡിമാന്‍ഡ് ഉയര്‍ത്തുന്നതാണ് നീക്കം. ജൂലായ് 10 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക.

അടുത്തിടെ സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്‌.സി ബാങ്ക് എം.സി.എല്‍.ആര്‍ നിരക്കുകള്‍ കുറച്ചിരുന്നു.

ബെയ്‌സ് റേറ്റിനുപകരം റിസര്‍വ് ബാങ്ക് 2016 ഏപ്രില്‍ ഒന്നിന് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍.) സംവിധാനം ആവിഷ്‌കരിച്ചു. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.

മാര്‍ച്ച് മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 15 ബേസിസ് പോയിന്റുകളോളം കുറവ് വരുത്തിയിട്ടുള്ളതാണ് ബാങ്കുകള്‍ എം.സി.എല്‍.ആര്‍ നിരക്ക് കുറയ്ക്കാന്‍ കാരണം.കനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. കൂടുതല്‍ ബാങ്കുകള്‍ വരും നാളുകളില്‍ നിരക്ക് കുറച്ചേക്കും. വായ്പാ ലഭ്യതയും ഡിമാന്‍ഡും ഉയര്‍ത്താന്‍ ബാങ്കുകളുടെ നടപടി സഹായകരമാകും