ഗുരുവായൂർ: ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വീണ്ടും വിവാഹങ്ങൾ തുടങ്ങും. പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾ ഫോം വഴി ഓൺലൈനായും ഇന്നുമുതൽ ബുക്ക് ചെയ്യാം.
കിഴക്കെ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ രാവിലെ 5 മുതൽ 12.30 വരെയണ് വിവാഹങ്ങൾ നടത്തുക. വധൂവരന്മാർ, ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വഴിപാട് കൗണ്ടർ വഴി, വിവാഹ തീയതിക്ക് 24 മണിക്കൂർ മുമ്പെങ്കിലും ബുക്കിംഗ് നടത്തണം. ഓൺലൈനിലാണെങ്കിൽ 48 മണിക്കൂർ മുമ്പാവണം.

നേരത്തെ ബുക്ക്‌ ചെയ്ത് റദ്ദാക്കാതെയും ബുക്കിംഗ് തുക തിരികെ വാങ്ങാതെയും കാത്തിരിക്കുന്നവർ മുൻ ബുക്കിംഗ് പ്രകാരം വിവാഹം നടത്താൻ ഉദ്ദേശിക്കുന്നെങ്കിൽ പണമടച്ചതിന്റെ അസ്സൽ രസീത്‌ ഹാജരാക്കി ബുക്കിംഗ് പുതുക്കണം.

ഗുരുവായൂരിന്റെ സമീപ പ്രദേശങ്ങളായ ചാവക്കാട് നഗരസഭ, വടക്കെക്കാട് പഞ്ചായത്ത് പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്നാണ് ജൂൺ 12 മുതൽ വിവാഹങ്ങൾ നിറുത്തിവച്ചത്.

ഈ നാളുകളിലും കിഴക്കെ നട സത്രം ഗേറ്റിന് സമീപത്തെത്തി വധൂവരന്മാർ താലി ചാർത്തി മടങ്ങിപ്പോകാറുണ്ടായിരുന്നു. തിങ്കളാഴ്ച മുതൽ സത്രം ഗേറ്റിൽ താലി ചാർത്തിക്കഴിഞ്ഞാൽ വധൂവരൻമാർക്ക് കിഴക്കെ നടയിൽ ദീപസ്തംഭത്തിന് സമീപത്തെത്തി ഹാരം അണിയിക്കുന്നതിന് അനുമതി നൽകിയിരുന്നു.

ശ്രദ്ധിക്കാൻ

മുൻകൂട്ടി ബുക്ക് ചെയ്യുന്ന, പരമാവധി 40 വിവാഹങ്ങൾക്കു മാത്രം ഒരുദിവസം അനുമതി

വിവാഹസംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർമാരും അടക്കം പരമാവധി 12 പേർ

ഒരു വിവാഹത്തിൽ രണ്ടിൽ കൂടുതൽ ഫോട്ടോ വീഡിയോഗ്രാഫർമാർ ഉണ്ടാകരുത്

മുഹൂർത്തത്തിന് 20 മിനിട്ട്‌ മുമ്പ് റിപ്പോർട്ട് ചെയ്യണം, ചടങ്ങിനുശേഷം ഉടൻ മടങ്ങണം

വിവാഹശേഷം ക്ഷേത്രപരിസരത്ത് ഫോട്ടോ വീഡിയോഗ്രാഫി അനുവദിക്കില്ല