
ന്യൂഡൽഹി: തന്റെ കുടുംബത്തിന് നേരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. തന്റെ ട്വിറ്റർ പേജിലൂടെയാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറഞ്ഞ് മറുപടി നൽകിയത്.
"ലോകം മുഴുവൻ തന്നെപ്പോലെയാണെന്നാണ് മോദി കരുതുന്നത്. കാശു കൊടുത്താൽ വശത്താകുമെന്നോ അല്ലെങ്കിൽ ഭയപ്പെടുത്തി വശത്താക്കാമെന്നോ. എന്നാൽ സത്യത്തിനു വേണ്ടി പൊരുതുന്നവരെ വിലയ്ക്കെടുക്കാനോ വിരട്ടാനോ കഴിയില്ലെന്ന് അദ്ദേഹം ഒരിക്കലും മനസിലാക്കുന്നില്ല." രാഹുൽ ട്വീറ്റ് ചെയ്തു.
ഗാന്ധികുടുംബത്തിന്റെ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെ വ്യവഹാരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രാലയം ഉത്തരവിട്ടതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.