സതാംപ്ടൺ : മൂന്നരമാസത്തിലധികം കൊവിഡ് കാരണം മാറി നിന്ന ക്രിക്കറ്റിന്റെ വരവ് മൂന്നര മണിക്കൂർകൂടി വൈകിപ്പിച്ച മഴ സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ ഇംഗ്ളണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കളി നടക്കാൻ അനുവദിച്ചത് 82 മിനിട്ടുകൾ മാത്രം.
ഇന്നലെ രാവിലെ മഴയായതിനാൽ മൂന്നര മണിക്കൂറോളമാണ് ടോസിടാൻ വൈകിയത്. എന്നാൽ ലഞ്ചിന് ശേഷം മഴമാറിയതോടെ ടോസിട്ട് കളിതുടങ്ങി.ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇടയ്ക്ക് വീണ്ടും മഴ ശല്യക്കാരനായി. ഒടുവിൽ 17.4 ഒാവറിൽ 34/1എന്ന നിലയിൽ കളി നിറുത്തേണ്ടിവന്നു .
കൊവിഡിന് ശേഷമുള്ള പരിഷ്കാരങ്ങളോടെയാണ് മത്സരം തുടങ്ങിയത്. 143 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ കാണികളില്ലാത്ത ആദ്യ മത്സരമായിരുന്നുഇത്. കളിക്കാർക്ക് മറ്റാരുമായും സമ്പർക്കം ഉണ്ടാകാതിരിക്കാനുള്ള ബയോ സെക്യുർ സംവിധാനം,കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട്, പന്തിൽ തുപ്പൽ പുരട്ടിയാൽ പെനാൽറ്റിഎന്നിങ്ങനെയുള്ളവയ്ക്ക് ഇൗ ടെസ്റ്റിലൂടെയാണ് തുടക്കമാകുന്നത്. സ്ഥിരം നായകൻ ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്സാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. ജാസൺ ഹോൾഡറാണ് വിൻഡീസ് ക്യാപ്ടൻ.
മത്സരത്തിന് മുമ്പ് ഇരു ടീമിലെയും കളിക്കാരും അമ്പയർമാരും മുഷ്ടി ചുരുട്ടി ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് വർണവിവേചനത്തിനെതിരായ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. കഴിഞ്ഞ വാരം അന്തരിച്ച വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം എവർട്ടൺ വീക്ക്സിനോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് ധരിച്ചാണ് വിൻഡീസ് ടീം കളിക്കാനിറങ്ങിയത്.
പേസർ ഷാനോൺ ഗബ്രിയേലാണ് തിരിച്ചുവരവിലെ ആദ്യ വിക്കറ്റിന് ഉടമ. കളിയുടെ രണ്ടാം ഒാവറിലെ നാലാം പന്തിൽ ഡോം സിബിലിയെ (0)ക്ളീൻ ബൗൾഡാക്കുകയായിരുന്നു ഷാനോൺ. തുടർന്ന് റോയ് ബേൺസും (20), ജോ ഡെൻലിയും (14) ചേർന്ന് ചെറുത്തുനിൽപ്പ് തുടങ്ങി.