house

മുംബയ്: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബയ് ദാദറിലെ രാജ്ഗൃഹം എന്ന സ്‌മാരക വസതിക്ക് നേരെയാണ് അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. വീടിന് മുന്നിലെ ചെടിച്ചട്ടികളും സി.സി.ടി.വിയും അക്രമികൾ തകർത്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

സംഭവത്തിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് അപലപിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിവിധ ദളിത് സംഘടനകൾ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. അതേസമയം,​ രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും ആരും പ്രത്യാക്രമണത്തിന് മുതിരരുതെന്നും വഞ്ചിത് ബഹുജൻ അഗാഡി അദ്ധ്യക്ഷനും അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കർ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രകോപനങ്ങളുണ്ടാക്കരുതെന്ന് മറ്റൊരു കൊച്ചുമകനായ ഭീംറാവു അംബേദ്കറും ആവശ്യപ്പെട്ടു.