nirav

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ 329.66 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സാമ്പത്തിക കുറ്റകൃത്യ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇയാളുടെ മുംബയ് വർളിയിലുള്ള നാല് ഫ്ലാറ്റുകൾ, അലിബാഗിലുള്ള ഫാംഹൗസ്, ജയ്സാൽമീറിലുള്ള കാറ്റാടിപ്പാടം, ലണ്ടനിലെ ഫ്ലാറ്റ്, യു.എ.ഇയിലുള്ള വീടുകൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. നീരവ് മോദിയുടെ 2,348 കോടിയുടെ സ്വത്തുക്കൾ നേരത്ത ഇ.ഡി കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കാനും ഇയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടാനും 2018 ജൂലായിലാണ് ഇ.ഡി മുംബയ് പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇയാളുടെ സ്വത്തുക്കൾ നേരത്തെയും ഇഡി കണ്ടുകെട്ടിയിരുന്നു.