children

കൊച്ചി:കൊവിഡ് ലോകമാകെ പടർന്ന് പിടിക്കുകയാണ്.ലോകത്താകെ 12 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 5 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ഈ വൈറസ് നിസ്സാരക്കാരനല്ലെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ പലരും ജോലിക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി പുറത്ത് പോകാന്‍ തുടങ്ങി. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ തനിച്ചായി പോകുന്ന കുട്ടികളുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ അത്യാവശ്യമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ വീട്ടിലിരിപ്പ് ഏറെ കാലം തുടരുക തന്നെ ചെയ്യും. വീട്ടില്‍ തനിച്ചാകുമ്പോള്‍ ഉണ്ടായേക്കാവുന്ന അനാരോഗ്യ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് തടയണം. അതിനാല്‍ ഈ സമയത്തെ അവരുടെ ദിനചര്യകളിലും ആരോഗ്യ കാര്യങ്ങളിലും അധിക ശ്രദ്ധ ആവശ്യമാണ്.

സ്‌ക്രീനിലേക്ക് നോക്കുന്നത് ആവശ്യത്തിന് മാത്രം

കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതോടെ കുട്ടികള്‍ക്കുള്ള നിയന്ത്രണ രേഖ മാറ്റി വരക്കേണ്ട അവസ്ഥയാണ് രക്ഷിതാക്കള്‍ക്ക്. പണ്ടത്തെ പോലെ ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ തരില്ലാന്ന് പറയാനാകില്ല. കാരണം പഠനം ഓണ്‍ലൈനിലാണ്. രക്ഷിതാക്കള്‍ രണ്ടുപേരും ജോലിയ്ക്ക് പോകുമ്പോള്‍ നെറ്റ് വർക്ക് കണക്ഷനുള്ള ഒരു ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ കുട്ടികളുടെ കൈകളിലിരിക്കും. പാരന്റല്‍ കണ്ട്രോള്‍ ആപ്ലിക്കേഷന്‍ വഴി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം. കുട്ടികള്‍ക്ക് ആവശ്യമില്ലാത്ത സൈറ്റുകളിലേക്ക് വഴുതി പോകാതിരിക്കാന്‍ ഇതുപകരിക്കും.

പാക്കറ്റ് ഭക്ഷണങ്ങള്‍ മാറ്റി വയ്ക്കാം

ലോക്ക് ഡൗണ്‍ ഭയം മൂലം മിക്ക വീടുകളിലും ഭക്ഷണ സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ഇതില്‍ വലിയ പങ്കും പായ്ക്കറ്റ് ഭക്ഷണങ്ങളോ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലുള്ളവയോ ആകും. കുട്ടികൾക്ക് പെട്ടെന്ന് എടുത്ത് കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവരുടെ കണ്ണില്‍പ്പെടാത്ത വിധം സൂക്ഷിക്കുക ഇല്ലെങ്കില്‍ രക്ഷിതാക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ പ്രിയപ്പെട്ട ഭക്ഷണം വയറു നിറയെ കഴിക്കുകയും അത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാകുകയും ചെയ്യും.

ഉറക്കം പ്രധാനം

ഉറക്കം എല്ലാവരുടെയും ആരോഗ്യത്തിനു അത്യാവശ്യമാണ്. പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക്. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ ബുദ്ധിവളര്‍ച്ചയും ഉന്മേഷവുണ്ടാകൂ.അതിനാല്‍ കൃത്യ സമയത്ത് ഉറങ്ങാനും കഴിയുന്നതും നേരത്തെ എഴുന്നേല്‍ക്കാനും കുട്ടികളെ ശീലിപ്പിക്കേണ്ടതാണ്. സ്‌കൂളില്‍ പോവേണ്ടതില്ല എന്നതിനാല്‍ വൈകി എഴുന്നേല്‍ക്കുന്ന രീതിയിലേക്ക് കുട്ടികളുടെ ദിനചര്യ മാറാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി 10 മുതല്‍ 6 വരെയോ, 9 മുതല്‍ 5 വരെയോ കുട്ടികളുടെ ഉറക്കം ക്രമപ്പെടുത്താം. ഉറങ്ങുന്നതിനു തൊട്ട് മുന്‍പ് വരെ മൊബൈല്‍ സ്‌ക്രീനില്‍ നോക്കുന്ന ശീലവും ഒഴിവാക്കുക.

വ്യായാമങ്ങൾ പരിശീലിപ്പിക്കാം

ശാരീരികമായി ഒട്ടും അധ്വാനമില്ലാത്ത അവസ്ഥയിലാവും കുട്ടികള്‍. എല്ലാ ദിവസവും രാവിലെ യോഗയോ മറ്റ് വ്യായാമ മുറകളോ അഭ്യസിക്കാന്‍ അവരെ ശീലിപ്പിക്കുക. വൈകുന്നേരങ്ങളില്‍ മുറ്റത്തോ ടെറസിലോ അല്പ നേരം നടക്കാന്‍ അവരെ കൂടെ കൂട്ടുന്നതും നല്ലത്.

ശുചിത്വത്തിന് മുന്‍ഗണന നല്‍കാം

വൈറസ് ശരീരത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അറിയാവുന്നതിനാല്‍ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ ബോധവാന്മാരാണ്. കൃത്യമായി മാസ്‌ക് ധരിക്കാനും നിശ്ചിത ഇടവേളകളിലോ ആവശ്യമായ സന്ദര്‍ഭങ്ങളിലോ സാനിട്ടൈസറുകള്‍, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയായിരിക്കാനുമെല്ലാം മുതിര്‍ന്നവര്‍ ശ്രദ്ധിക്കും. എന്നാല്‍, കുട്ടികളുടെ കാര്യം ഇങ്ങനെയല്ല. അതിനാല്‍ ചെയ്യേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി ചെയ്യാന്‍ പഠിപ്പിക്കേണ്ടതുണ്ട്. വൃത്തിയായി കൈ കഴുകാനും പുറത്ത് നിന്നെത്തുന്ന പായ്ക്കറ്റുകള്‍, കറന്‍സികള്‍ എന്നിവയില്‍ അനാവശ്യമായി തൊടാതിരിക്കാനുമായി കുട്ടികളെ ശീലിപ്പിക്കുക.