bigg-boss

ലോകമെമ്പാടും പ്രേക്ഷകരെ സ്വന്തമാക്കിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിലെ ഇന്ത്യന്‍ പതിപ്പ് വിവിധ ഭാഷകളിലായി എത്തിയിട്ടുണ്ട്. എല്ലാ ഭാഷകളിലും പരിപാടിയുടെ അവതാരകനായി എത്തുന്നത് പ്രശസ്ത സിനിമാതാരങ്ങളാണ്. ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാനാണ് ഇത്തരത്തില്‍ എത്തുന്നത്.
ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ പതിനാലാം സീസണിലേക്കുള്ള ഓഡിഷന്‍ പ്രക്രിയകള്‍ നടക്കുകയാണ്. ഇക്കുറി കൊവിഡ് പശ്ചാത്തലത്തില്‍ ഓഡിഷന്‍ ഓണ്‍ലൈനായിട്ടായിരുന്നു നടന്നത്.


ഇക്കുറിയും ബിഗ് ബോസ് വീടിന്റെ കാരണവരായി സല്‍മാന്‍ ഖാന്‍ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
നേരത്തേ സീസണ്‍ പതിമൂന്നോടു കൂടി സല്ലു ബിഗ് ബോസുമായി വിടപറയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പതിനാലാം സീസണില്‍ വമ്പന്‍ പ്രതിഫലമാണ് സല്‍മാന് ലഭിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വാരാന്ത്യത്തിലുള്ള എപ്പിസോഡിന് പതിനാറ് കോടി പ്രതിഫലമായി സല്‍മാന്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണ്‍ പതിനാലില്‍ ഏറെ സര്‍പ്രൈസുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കാടിന്റെ പശ്ചാത്തലുള്ള സെറ്റാണ് പുതിയ സീസണില്‍ ഒരുക്കുന്നത്. മത്സരാര്‍ത്ഥികളായി എത്തുന്നതില്‍ പകുതിയും സിനിമാ മേഖലയുമായി ബന്ധമുള്ളവരാണ്. 32 പേരെയാണ് ഫൈനല്‍ ഓഡിഷനില്‍ തിരഞ്ഞെടുക്കുന്നത്, ഇതില്‍ പകുതിയോളം പേരെ ആദ്യമേ പങ്കുടുക്കുവാന്‍ അവസരം നല്‍കും. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കേണ്ട ബിഗ് ബോസ് സീസണ്‍ പതിനാല് പക്ഷേ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടിവയ്ക്കാന്‍ സാദ്ധ്യതയുണ്ട്. മലയാളത്തിലും ബിഗ് ബോസ് സീസണ്‍ രണ്ട് കൊവിഡ് പശ്ചാത്തലത്തില്‍ ഫിനാലെ എത്താതെ പായ്ക്കപ്പ് പറയേണ്ടി വന്നിരുന്നു, മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ ലാലാണ് രണ്ട് സീസണിലും സല്‍മാന്റെ ഭാഗം അവതരിപ്പിച്ചത്.