തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ഒളിവിൽക്കഴിയുന്ന സന്ദീപ് നായർക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്നും ബി.ജെ.പി പ്രവർത്തകൻ തന്നെയെന്നും സന്ദീപിന്റെ അമ്മ. മകൻ സന്ദീപ് സി.പി.എം പ്രവർത്തകനാണെന്ന് പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യം വാർത്തയാക്കിയ ചാനലുകൾക്കെതിരെ കേസ് കൊടുക്കുമെന്നും സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദീപിന് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി പ്രചരണത്തിനും പോകാറുണ്ടായിരുന്നു. ബി.ജെ.പിക്ക് വേണ്ടി 'മരിച്ച് കിടന്ന്' പണി ചെയ്യും. അവൻ വോട്ട് കൊടുക്കുന്നതും ബി.ജെ.പിക്കാണെന്നും ഉഷ പറഞ്ഞു.
നേരത്തെ സന്ദീപ് ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ തന്റെ മകൻ സി.പി.എം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് ഉഷ പറഞ്ഞതായി ചില ചാനലുകളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.