തൃശൂർ: തെറ്റിദ്ധാരണകൾ പരത്തിയും കുപ്രചരണങ്ങൾ നടത്തിയും കള്ളക്കേസുകൾ ചമച്ചും എസ്.എൻ.ഡി.പി യോഗത്തിനും തനിക്കുമെതിരെ നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴായിപ്പോവുകയാണെന്നും ,ഗുരുദേവനും കണിച്ചുകുളങ്ങര അമ്മയും സത്യം പുലരാൻ തനിക്ക് കവചങ്ങളായി നിൽക്കുന്നുണ്ടെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു..ഇന്നലത്തെ ഹൈക്കോടതി വിധി പോലും അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇരിങ്ങാലക്കുടയിൽ നടന്ന എസ്.എൻ.ഡി.പി യോഗം തൃശൂർ ജില്ലാ യൂണിയൻ ഭാരവാഹികളുടെ യോഗം വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നും ചെയ്യാത്തവരാണ് യോഗം നേതൃത്വത്തിനെതിരെ തിരിയുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കത്തുന്നയിച്ച് പുകമറ സൃഷ്ടിക്കുന്നവർ സാമ്പത്തിക ക്രമക്കേടുകളിലും മറ്റും യോഗത്തിൽ നിന്നും, യൂണിയനുകളിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥാനമോഹികളാണെന്നും അദ്ദേഹം ആരോപിച്ചു.
സമുദായത്തെയും സംഘടനയെയും നേതാവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ സമുദായ അംഗങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിന് യോഗം പൂർണ്ണ വിശ്വാസവും പിന്തുണയും രേഖപ്പെടുത്തി.