galvan

ന്യൂഡല്‍ഹി : ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ മാസം 15ന് നടന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലില്‍ ചൈനീസ് സേനയ്ക്ക് വന്‍ ആള്‍നാശമാണുണ്ടായതെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മുന്‍ പട്ടാള ഉദ്യോഗസ്ഥന്റെ മകനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം ചൈന മരണസംഖ്യ മറച്ചു വയ്ക്കുന്നത് സേനയ്ക്കുള്ളിലെ പ്രതിഷേധം ഭയന്നാണെന്നും ആരോപിക്കുന്നു. അതേസമയം ഈ കണക്കുകളെ സംബന്ധിച്ച് ഇതു വരെ ഔദ്യോഗികമായി ഇരു രാജ്യങ്ങളും പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഗല്‍വാനില്‍ ഏറ്റുമുട്ടലുണ്ടായതിന് തൊട്ടു പിന്നാലെ ഇന്ത്യ, ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി അറിയിച്ചിരുന്നു. ഈ സൈനികരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയും ഭൗതികദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ ചൈനയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടിയൊന്നും തന്നെയുണ്ടായില്ല. ചില ചൈനീസ് മാദ്ധ്യമങ്ങളില്‍ തങ്ങളുടെ പക്ഷത്തും സൈനികര്‍ക്ക് മരണം സംഭവിച്ചതായി സൂചനയുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ തണുത്തുറഞ്ഞ നദിയില്‍ പതിച്ചാണ് സൈനികര്‍ കൂടുതല്‍പേര്‍ക്കും അപകടം സംഭവിച്ചത്. അമേരിക്കന്‍ ചാരസംഘടന മുപ്പത്തിയഞ്ചോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ ഏജന്‍സികളും ഇതിന് സമാനമായ കണ്ക്കാണ് പുറത്തുവിട്ടിരുന്നത്. ഏറ്റുമുട്ടലിന്റെ പിറ്റേ ദിവസം നിരവധി ഹെലികോപ്റ്ററുകളെത്തി ചൈനീസ് ഭടന്‍മാരെ കൊണ്ടുപോയിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരോ, പരിക്കേറ്റവരോ ആവാം ഇവരെന്നാണ് സൂചന.

എന്നാല്‍ ഏറ്റുമുട്ടലില്‍ കനത്ത ആള്‍നാശം ചൈനയ്ക്കുണ്ടായി എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവരുന്നത്. ഏറ്റുമുട്ടലിന് ശേഷം ആഴ്ചകളോളം ഇരു രാഷ്ട്രങ്ങളും യുദ്ധസമാനമായ സൈനിക നീക്കങ്ങള്‍ അതിര്‍ത്തിയില്‍ നടത്തിയെങ്കിലും സമാധാന ചര്‍ച്ചകള്‍ക്കൊടുവില്‍ സൈനികരെ പിന്‍വലിക്കാന്‍ ധാരണയായിരുന്നു.