ബെയ്ജിംഗ്: ചൈനയില്‍ പടരുന്ന ബ്യൂബോണിക് പ്ലേഗ് നിയന്ത്രണ വിധേയമാണെന്ന് ലോകാരോഗ്യ സംഘടന. മംഗോളിയയിലെ ബയാന്‍ നൂര്‍ നഗരത്തിലാണ് ബ്യൂബോണിക് പ്ലേഗ് ബാധ കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നഗര ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ നവംബറില്‍ ബയാന്‍ നൂറില്‍ പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലുപേര്‍ക്ക് രോഗം കണ്ടെത്തിയതില്‍ രണ്ടാളുകളുടേത് ഗുരുതരമായ ന്യൂമോണിക് പ്ലേഗ് ആയിരുന്നു.
അതിനുശേഷം ഇപ്പോഴാണ് നഗരത്തില്‍ വീണ്ടും ആശങ്ക പടര്‍ത്തി പ്ലേഗ് ബാധ കണ്ടെത്തിയത്.
ചൈനയിലെ രോഗബാധ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചൈനീസ്, മംഗോളിയന്‍ അധികൃതര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ശ്രദ്ധയോടെ സ്ഥിതി വിലയിരുത്തുകയാണെന്നും അവര്‍ പറഞ്ഞു.എലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ നിന്നാണ് പ്ലേഗ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ സ്രവങ്ങളിലൂടെയും മനുഷ്യരിലേക്ക് ബാക്ടീരിയ എത്താം. പനി, തലവേദന, തളര്‍ച്ച, നാഡികളില്‍ വീക്കം തുടങ്ങിയവയാണ് ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണം.ലോകത്താകെ പ്ലേഗ് ബാധിക്കുന്നവരില്‍ 8-10 ശതമാനം ആളുകള്‍ മരിക്കാറുണ്ടെന്നാണ് കണക്കുകള്‍. ബ്യൂബോണിക് പ്ലേഗ് ഏറ്റവും മരണസാധ്യത കുറഞ്ഞതാണ്.